കരയോഗങ്ങള്‍ പിരിച്ചുവിട്ട നടപടി : സുകുമാരൻ നായർക്കെതിരെ പ്രമേയം പാസാക്കി ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ - passes resolution against Sukumaran Nair
ഇടുക്കി : ജനറൽ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ പ്രമേയം പാസാക്കി ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍. ഹൈറേഞ്ചിലെ നായര്‍ സമുദായാംഗങ്ങളെ അപമാനിയ്ക്കുന്ന നടപടിയാണ് എന്‍എസ്എസ് നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് യോഗം വിലയിരുത്തി. വിവിധ മേഖലകളില്‍ നിന്നും എത്തിയ അംഗങ്ങളുടെ നേതൃത്വത്തില്‍ നെടുങ്കണ്ടത്ത് പ്രതിഷേധ യോഗം നടന്നു.
86 കരയോഗങ്ങളിലായി ആറായിരത്തോളം നായര്‍ സമുദായ കുടുംബങ്ങളാണ് ഹൈറേഞ്ച് എന്‍എസ്എസ് യൂണിയനില്‍ ഉള്ളത്. ഈ മേഖലയിലെ കരയോഗങ്ങളെ യാതൊരു പ്രകോപനവുമില്ലാതെ പിരിച്ചുവിടാൻ എന്‍എസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ തീരുമാനിക്കുകയായിരുന്നുവെന്നാണ് ഇവരുടെ ആരോപണം. സംസ്ഥാന സമിതിയുടെ ഈ നിലപാടിനെതിരെയാണ് പ്രതിഷേധം നടന്നത്.
സംഘടനയ്ക്ക് കൃത്യമായ ഭരണഘടനയും നടപടിക്രമങ്ങളും ഉണ്ടായിട്ടും, യൂണിയന്‍ പിരിച്ചുവിടാന്‍ എന്‍എസ്എസ് ജനറൽ സെക്രട്ടറി നടത്തുന്ന നീക്കം അപഹാസ്യമാണെന്ന് യോഗം കുറ്റപ്പെടുത്തി. സമയബന്ധിതമായി, കരയോഗങ്ങളുടെയും യൂണിയന്‍റെയും തെരഞ്ഞെടുപ്പ് നടത്താൻ യോഗം, പ്രമേയത്തിലൂടെ എന്‍എസ്എസ് രജിസ്ട്രാറോട് ആവശ്യപ്പെട്ടു.
പ്രതിഷേധ യോഗത്തില്‍ യൂണിയന്‍ പ്രസിഡന്‍റ് ആര്‍ മണിക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താന്‍ ശ്രമിയ്ക്കുന്ന ജനറൽ സെക്രട്ടറിയുടെ നടപടികള്‍ക്കെതിരെ നിയമ പോരാട്ടം തുടരാന്‍, ഭരണ സമിതിയെ യോഗം ചുമതലപ്പെടുത്തി. അതേസമയം ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്‍റ് ആര്‍ മണിക്കുട്ടനും സുകുമാരൻ നായരും തമ്മിലുള്ള വാക്ക് തർക്കമാണ് നടപടിക്ക് കാരണമെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.
അതേസമയം 110 ഒഴിവുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൻഎസ്എസ് പ്രതിനിധി സഭയിലേക്ക് പ്രസിഡന്‍റ് ഡോ. എം.ശശികുമാർ, ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ എന്നിവർ ഉൾപ്പടെ 102 പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 300 അംഗങ്ങളാണ് നിലവിൽ ഉള്ളത്. 8 ഒഴിവിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 5ന് 10 മുതൽ ഒരു മണി വരെ നടത്തുമെന്ന് യോഗം അറിയിച്ചു.