Aluva Murder case | 5 വയസുകാരിയുടെ കൊലപാതകം; 'പ്രതിക്കെതിരെ വേഗത്തില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കും' : ഡിഐജി - kerala news updates
എറണാകുളം :ആലുവയില്‍ അഞ്ച് വയസുകാരി കൊല്ലപ്പെട്ട കേസില്‍ പ്രതിയായ അസ്‌ഫാക്ക് ആലമിനെ കുറിച്ച് വിശദമായി അന്വേഷണം നടത്തി വരികയാണെന്ന് മധ്യമേഖല ഡിഐജി എസ് ശ്രീനിവാസ്. ബിഹാറില്‍ നിന്നും ഡല്‍ഹിയിലേക്കും തുടര്‍ന്ന് കേരളത്തിലേക്കും എത്തിയത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡിഐജി. കുറ്റകൃത്യം നടന്ന ദിവസം രാവിലെ മുതലുള്ള പ്രതിയുടെ പ്രവർത്തനങ്ങൾ, കൊലപാതകത്തിന് ശേഷം പ്രതി തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യത്തില്‍ സംഘം അന്വേഷണം നടത്തുന്നുണ്ടെന്നും ഡിഐജി പറഞ്ഞു. കേസില്‍ വേഗത്തിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കി പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രതിക്കെതിരെ നേരത്തെയുണ്ടായിരുന്ന പോക്‌സോ കേസിനെ കുറിച്ചും ഇതിന് പുറമെ ഇത്തരത്തില്‍ മറ്റെന്തങ്കിലും കേസുകള്‍ ഉണ്ടോയെന്ന കാര്യത്തിലും അന്വേഷണം നടത്തും. ആലുവ കൊലപാതക കേസില്‍ കൂടുതല്‍ ദൃക്‌സാക്ഷികള്‍ ഉണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. പ്രതിയുടെ മേൽവിലാസം തെളിയിക്കുന്ന ആധാർ കാർഡ് ലഭിച്ചിട്ടുണ്ട്. ഇത് ഒറിജിനൽ വിലാസത്തിലുള്ളതാണോ എന്ന് സ്ഥിരീകരിക്കണം. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച (ജൂലൈ 28) വൈകുന്നേരമാണ് ആലുവ തായിക്കാട്ടുക്കരയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ അഞ്ചു വയസുള്ള മകളെ ബിഹാർ സ്വദേശിയായ അസ്‌ഫാക്ക് ആലം തട്ടിക്കൊണ്ടു പോയത്. ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞായിരുന്നു പ്രതി കുട്ടിയെ കടത്തിക്കൊണ്ടുപോയത്. വൈകുന്നേരം അഞ്ചു മണിയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ജൂലൈ 9നാണ് ആലുവ മാര്‍ക്കറ്റിന് സമീപത്ത് നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.