Oommen Chandy | 'പ്രതിസന്ധിയില്‍ ചേര്‍ത്തുപിടിച്ച നേതാവ്' ; കുഞ്ഞൂഞ്ഞിനെ അവസാനമായി ഒരുനോക്കുകാണാന്‍ ഭിന്നശേഷിക്കാരനായ ശശികുമാര്‍ - Oommen Chandy
കോട്ടയം : ജീവിതത്തിന്‍റെ പ്രതിസന്ധി ഘട്ടങ്ങളില്‍ തന്നെ ചേര്‍ത്തുപിടിച്ച കുഞ്ഞൂഞ്ഞിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പുതുപ്പള്ളിയിലെത്തി കാത്തിരിക്കുകയാണ് ഭിന്നശേഷിക്കാരനായ വൈക്കം സ്വദേശി ശശികുമാർ. 2014ലെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഉമ്മന്‍ ചാണ്ടി സമ്മാനിച്ച മുച്ചക്ര വാഹനത്തിലാണ് തന്‍റെ പ്രിയ നേതാവിനെ കാണാന്‍ ശശികുമാര്‍ എത്തിയത്. സ്വദേശമായ വൈക്കത്ത് നിന്നും കിലോമീറ്ററുകള്‍ ഏറെ താണ്ടിയാണ് ശശികുമാര്‍ പുതുപ്പള്ളിയിലെത്തിയത്. വാഹനം കൂടാതെ നിരവധി സഹായങ്ങള്‍ തനിക്ക് നേരെ ഉമ്മന്‍ ചാണ്ടി നീട്ടിയിട്ടുണ്ടെന്നും ജീവന്‍ ഉള്ളിടത്തോളം കാലം അദ്ദേഹത്തെ മറക്കാനാകില്ലെന്നും ശശികുമാര്‍ നിറകണ്ണുകളോടെ പറഞ്ഞു. പുതുപ്പള്ളിയിലെ വീട്ടില്‍ എത്തുമ്പോഴെല്ലാം തന്നോട് വളരെ സൗമ്യമായാണ് അദ്ദേഹം പെരുമാറിയിരുന്നതെന്നും ശശികുമാര്‍ പറഞ്ഞു. ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന ജനനായകനാണ് അദ്ദേഹം. ഈ ശ്വാസം നിലച്ചുപോയാല്‍ മാത്രമേ അദ്ദേഹത്തെ മറക്കാനാകൂ. അദ്ദേഹത്തോട് അതിയായ സ്‌നേഹവും കടപ്പാടും തനിക്ക് ഉണ്ടെന്നും ശശികുമാര്‍ പറഞ്ഞു.