Tomin Thachankary | 'കര്‍ണനാണ് എന്‍റെ ഹീറോ' ; സ്വന്തമായി ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ച് ടോമിന്‍ ജെ തച്ചങ്കരിയുടെ വിടവാങ്ങല്‍ - ടോമിൻ തച്ചങ്കരി ഗാനം
തിരുവനന്തപുരം:കർണനാണ് ഇഷ്‌ട കഥാപാത്രമെന്ന് ഡിജിപി ടോമിന്‍ ജെ തച്ചങ്കരി(Tomin Thachankary). പല തവണ പഴി കേട്ടിട്ടും കർണൻ പ്രലോഭനങ്ങളിൽ വീഴാതെ മുന്നോട്ടുപോയെന്നും അദ്ദേഹം പറഞ്ഞു. എസ്എപി പരേഡ് ഗ്രൗണ്ടിൽ പൊലീസ് സേന നൽകിയ വിടവാങ്ങൽ പരേഡിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള പൊലീസിന് വേണ്ടി അദ്ദേഹം തന്നെ ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ചുകൊണ്ടാണ് നന്ദി അറിയിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഡിജിപി സേനയ്ക്കും ഒപ്പം നിന്നവർക്കും സ്വന്തം ഗാനത്തിലൂടെ നന്ദി അറിയിക്കുന്നത്. കർണന്‍റെ കഥ ഉദ്ധരിച്ചുകൊണ്ടായിരുന്നു തച്ചങ്കരിയുടെ വിടവാങ്ങൽ പ്രസംഗം. ഇവിടെയുള്ളത് മറ്റ് പലയിടത്തും ഉണ്ടായിരിക്കും ഇവിടെ ഇല്ലാത്തത് മറ്റെങ്ങും ഉണ്ടായിരിക്കില്ല. ഇതുപോലെയാണ് കേരള പൊലീസിന്‍റെ സവിശേഷ ചരിത്രം. കേരള പൊലീസ് കൈവച്ചിട്ടില്ലാത്ത ഒരു കാര്യവും നിങ്ങൾക്ക് മറ്റെവിടെയും കാണാൻ കഴിയില്ല. കർണനാണ് തന്‍റെ ഇഷ്ട കഥാപാത്രം. അയോഗ്യതയും അനർഹരിൽ നിന്നുപോലും കേൾക്കേണ്ടി വന്ന അപമാനവും മഹാന്മാർ എന്ന് കരുതിയവരിൽ നിന്നുപോലും അനുഭവിക്കേണ്ടിവന്ന മാറ്റി നിർത്തലും ഉൾപ്പടെ എന്തെല്ലാം സംഭവങ്ങൾ. പടിയിറങ്ങുന്നത് അഭിമാനത്തോടെയാണ്. സേനയിൽ നിന്ന് പിരിയുന്നത് സംതൃപ്‌തിയോടെയാണെന്നും ടോമിൻ ജെ തച്ചങ്കരി വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു.