'അക്രമിയെക്കുറിച്ച് സൂചന കിട്ടി, എത്രയും വേഗം പിടികൂടും' ; തീവയ്‌പ്പ് അന്വേഷണത്തിന് പ്രത്യേക സംഘമെന്ന് ഡിജിപി
തിരുവനന്തപുരം : ആലപ്പുഴ-കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് ട്രെയിനിലെ തീവയ്പ്പ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി അനിൽകാന്ത്. കണ്ണൂരിൽ അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാകും പ്രത്യേക സംഘത്തെ നിയോഗിക്കുക. നിലവിൽ ഐജിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്.
ഫോറൻസിക് പരിശോധന അടക്കം പൂർത്തിയായി. അക്രമം നടത്തിയ പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. എത്രയും വേഗം പ്രതിയെ പിടികൂടുമെന്നും ഡിജിപി പറഞ്ഞു.
ഇന്നലെ രാത്രിയോടെയാണ് അജ്ഞാതന്‍ കോഴിക്കോട് ഓടുന്ന ട്രെയിനിൽ സഹയാത്രകരുടെ മേൽ പെട്രോൾ ഒഴിച്ച് തീക്കൊളുത്തിയത്. എലത്തൂർ സ്റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയിൽ വച്ചാണ് സംഭവം. യാതൊരു പ്രകോപനവും ഇല്ലാതെ അക്രമി ട്രെയിനിലെ സഹയാത്രികരുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു.
യാത്രക്കാരിൽ ഒരാൾ അപായച്ചങ്ങല വലിച്ചതോടെ ട്രെയിൻ കോരപ്പുഴ പാലത്തിന് മുകളിൽ നിർത്തി. തുടർന്ന് അക്രമി ട്രെയിനിൽ നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ 9 പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഇതിന് പിന്നാലെയാണ് റെയിൽവേ ട്രാക്കിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മട്ടന്നൂർ സ്വദേശി റഹ്‌മത്ത് (43), ഇവരുടെ അനുജത്തിയുടെ മകൾ സഹറ (രണ്ട്), നൗഫീഖ് (41) എന്നിവരാണ് മരിച്ചത്. ട്രെയിനിൽ തീ പടർന്നപ്പോൾ രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയവരാകാം മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. അതിനിടെ അക്രമിയുടേതെന്ന് കരുതുന്ന ബാഗ് ട്രാക്കിൽ നിന്നും പൊലീസ് കണ്ടെത്തി.
ബാഗിനുള്ളിൽ നിന്ന് കാൽഭാഗം പെട്രോൾ അടങ്ങിയ കുപ്പി, പോക്കറ്റ് ഡയറി, മൊബൈൽഫോൺ, ഇയർഫോൺ തുടങ്ങിയവ പൊലീസ് കണ്ടെത്തി. ഈ തെളിവുകൾ അന്വേഷണത്തിൽ നിർണായകമായേക്കും. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് പ്രതിക്കായുള്ള തെരച്ചിൽ ശക്തമാക്കി.