കേരളം

kerala

Devotees returned after seeing Makara Jyoti from Pullumedu

ETV Bharat / videos

പുല്ലുമേട്ടിൽ മകരജ്യോതി ദർശിച്ച് ആയിരങ്ങൾ - ശബരിമല

By ETV Bharat Kerala Team

Published : Jan 15, 2024, 10:47 PM IST

ഇടുക്കി: പുല്ലുമേട്ടിൽ മകരജ്യോതി ദർശിച്ച് സായൂജ്യമടഞ്ഞ് ആയിരക്കണക്കിന് ഭക്തർ മലയിറങ്ങി. ദിവസം മുഴുവൻ നീണ്ട കാത്തിരിപ്പിനൊടുവിൽ വൈകിട്ട് 6.46 ഓടെയാണ് മകര ജ്യോതി തെളിഞ്ഞത്. ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം എത്തിയ ആയിരക്കണക്കിന് ഭക്തർ ശരണം വിളികളോടെ മകരജ്യോതിയെ വണങ്ങി. 6340 ഭക്തരാണ് ഇത്തവണ മകര ജ്യോതി ദർശനത്തിന് പുല്ലുമേട്ടിലെത്തിയത്. സത്രം വഴി 2822 പേരും, കോഴിക്കാനം വഴി 1289 പേരും എത്തി. ശബരിമലയിൽ നിന്നും 3870 പേരാണ് എത്തിയത്. ഇതിൽ 1641 പേര് മകരജ്യോതി ദർശനത്തിന് മുന്നേ മടങ്ങി. പുല്ലുമേട്ടില്‍ എത്തിയ അയ്യപ്പന്മാർ മകരജ്യോതി ദിനത്തിലെ സായംസന്ധ്യയെ ശരണം വിളികളാല്‍ മുഖരിതമാക്കി. മകരജ്യോതി ദർശിച്ച ശേഷം ഏഴ് മണിയോടെ പുല്ലുമേട്ടില്‍ നിന്നും ഭക്തർ മടങ്ങാൻ തുടങ്ങിയിരുന്നു. പുല്ലുമേട്ടിലെ കനത്ത മൂടല്‍മഞ്ഞ് ദര്‍ശനത്തിന് വ്യക്തത കുറച്ചെങ്കിലും ഭക്തർ ആവേശത്തിലായിരുന്നു. ഭക്തരുടെ വലിയ തിരക്ക് പ്രതീക്ഷിച്ചിരുന്നതിനാൽ വിപുലമായ സംവിധാനങ്ങളാണ് ഇടുക്കി ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നത്. പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലും പരമ്പരാഗത പാതകളിലും വിപുലമായ സൗകര്യങ്ങളാണ് സജ്ജീകരിച്ചത്. സുരക്ഷാ- ഗതാഗത ക്രമീകരണങ്ങള്‍ക്കായി 1400 പൊലീസ് ഉദ്യോഗസ്ഥരും 155 വനം വകുപ്പ് ഉദ്യോഗസ്ഥരും സേവന രംഗത്ത് ഉണ്ടായിരുന്നു. പൊതുമരാമത്ത് വകുപ്പ് മകരവിളക്കിനോടനുബന്ധിച്ച് പരുന്തുംപാറ, പുല്ലുമേട് എന്നിവിടങ്ങളില്‍ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ബാരിക്കേഡ് നിര്‍മിച്ചിരുന്നു.  മകരജ്യോതി ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ നാലാംമൈല്‍ വഴിയാണ് തിരിച്ചിറങ്ങിയത്. മകരജ്യോതിയ്ക്ക് ശേഷം ഭക്തരെ തിരികെ ഇറക്കിയതിന് ശേഷം മാത്രമാണ് സർക്കാർ വാഹനങ്ങള്‍ കടത്തിവിട്ടത്. പൊലീസ്, ആരോഗ്യം, റവന്യു, ഫുഡ് ആന്റ് സേഫ്‌ടി, സിവില്‍ സപ്ലൈസ്, അഗ്‌നി രക്ഷാസേന, വനം വകുപ്പ് , മോട്ടോര്‍ വാഹനം തുടങ്ങി വിവിധ വകുപ്പുകൾ ഏർപ്പെടുത്തിയ വിപുലമായ സേവനങ്ങൾ ഭക്തര്‍ക്ക് ഏറെ സഹായകരമായിരുന്നു.

ABOUT THE AUTHOR

...view details