കാടും മലയുമിറങ്ങിയെത്തി അബദ്ധത്തില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു ; പുള്ളിമാന് രക്ഷകരായി വനംവകുപ്പ് - kerala news updates
പാലക്കാട്: ഒറ്റപ്പാലത്ത് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ പുള്ളിമാനെ രക്ഷപ്പെടുത്തി. കടമ്പൂർ കൂനൻമല വരിക്കോട്ടിൽ കിഴക്കേക്കര രാമചന്ദ്രൻ്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പുള്ളിമാന്‍ വീണത്. വ്യാഴാഴ്‌ച രാവിലെ 11 മണിയോടെയാണ് വീട്ടുകാര്‍ കിണറ്റില്‍ മാനിനെ കണ്ടത്.
കിണറില്‍ വെള്ളം കുറവായിരുന്നു. മുകളിലിട്ട വല പൊട്ടിയത് ശ്രദ്ധയില്‍പ്പെട്ടതോടെ വീട്ടുകാര്‍ കിണറ്റിലേക്ക് നോക്കിയപ്പോഴാണ് മാനിനെ കണ്ടത്. ഉടന്‍ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
സ്ഥലത്തെത്തിയ ആര്‍ആര്‍ടി സംഘം കിണറ്റിലേക്ക് വലയിറക്കിയാണ് മാനിനെ കരയ്‌ക്ക് കയറ്റിയത്. മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് മാനിനെ പുറത്തെത്തിക്കാനായത്. ഇതിനായി സംഘത്തിന് ഏറെ നേരം പ്രയത്നിക്കേണ്ടിവന്നു. മാനിനെ സംഘം ധോണിയിലേക്ക് കൊണ്ടുപോയി.
വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കി ചികിത്സ ആവശ്യമെങ്കില്‍ നല്‍കിയതിന് ശേഷം വാളയാര്‍ വനത്തില്‍ വിട്ടയയ്ക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂനന്‍ മലയില്‍ നിന്നെത്തിയ മാന്‍ വഴിതെറ്റി കിണറില്‍ വീണതാകാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.