പട്ടയ വിതരണം തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധി സർക്കാർ ചോദിച്ചുവാങ്ങിയത് : ഡീൻ കുര്യാക്കോസ് എംപി - പട്ടയ വിതരണം
Published : Jan 18, 2024, 2:02 PM IST
ഇടുക്കി :പട്ടയ വിതരണം തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതിയുടെ വിധി സർക്കാർ ചോദിച്ചുവാങ്ങിയതെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് (Dean Kuriakose MP on HC verdict). ഇടുക്കിയെ സംബന്ധിച്ച് ഏറ്റവും പ്രതിസന്ധിയാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന് ഉത്തരവാദി, ജില്ലയിലെ ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് നിരുത്തരവാദപരമായ സമീപനം സ്വീകരിച്ച കേരള സർക്കാരാണ്. ജല്ലയിലെ ഭൂവിഷയ വസ്‌തുതകൾ കോടതിയെ കൃത്യമായി ബോധ്യപ്പെടുത്തുന്നതിൽ സർക്കാർ അഭിഭാഷകർ പരാജയപ്പെട്ടു. സർക്കാർ അഭിഭാഷകർ ഒളിച്ചുകളിച്ചതിനെ തുടർന്ന് ഒരു ജില്ല ഒന്നാകെ പ്രതികൂല സാഹചര്യത്തിൽ പെട്ടിരിക്കുകയാണ്. ഇതിന് ഒന്നാം പ്രതി സർക്കാർ അഭിഭാഷകർ തന്നെയാണ്. നടന്നുകൊണ്ടിരിക്കുന്ന കേസിൽ കക്ഷി ചേർന്നിട്ടുണ്ടെന്നും ജില്ലയിലെ പ്രതിസന്ധികൾ കോടതിയെ ബോധ്യപ്പെടുത്തുമെന്നും എംപി ഉപ്പുതറയിൽ പറഞ്ഞു. സംസ്ഥാനത്ത് മാറി മാറിവന്ന സര്‍ക്കാരുകള്‍ കള്ള പട്ടയങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും അത്തരം പ്രശ്‌നങ്ങള്‍ അവഗണിക്കുകയും ചെയ്‌തിട്ടുണ്ട്. കള്ള പട്ടയങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാതിരുന്നത് വിവാദങ്ങള്‍ക്ക് കാരണമായി. കോടതി ഇത്തരം വിഷയങ്ങളില്‍ നിരീക്ഷണം നടത്തുമ്പോള്‍, ഏതെങ്കിലും കള്ളപ്പട്ടയം നിലനില്‍ക്കുന്നു എങ്കില്‍ അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ യുക്തിസഹമായ മറുപടി നല്‍കിക്കൊണ്ടായിരുന്നു പ്രശ്‌നം അവസാനിപ്പിക്കേണ്ടിയിരുന്നത്. പട്ടയ വിഷയത്തില്‍ ദുര്‍വ്യാഖ്യാനം ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കയ്യും കെട്ടി നോക്കി നില്‍ക്കുന്ന അവസ്ഥ ഉണ്ടായെന്നും ഡീന്‍ കുര്യാക്കോസ് കുറ്റപ്പെടുത്തി.