Dean Kuriakose About Land Amendment Bill: 'സാധാരണക്കാർക്ക് ഹൃദയവേദന ഉണ്ടാക്കുന്നതാണ് ഭൂപതിവ് നിയമ ഭേദഗതി'; ഡീൻ കുര്യാക്കോസ് എംപി - ഇടുക്കി എംപി ഡീൻ കുര്യാക്കോസ്
Published : Sep 15, 2023, 9:14 AM IST
തിരുവനന്തപുരം : ഭൂപതിവ് നിയമത്തിൽ ഭേദഗതി കൊണ്ടുവന്ന സർക്കാർ നടപടിയിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഇടുക്കി എം പി ഡീൻ കുര്യാക്കോസ് (Dean Kuriakose About Land Amendment Bill). സാധാരണക്കാർക്ക് ഹൃദയവേദന ഉണ്ടാക്കുന്ന ഭേദഗതിയാണ് സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. പതിവ് നിയമം ഭേദഗതി ചെയ്യുന്നതിന് ബില്ലിന്‍റെ ആവശ്യമില്ലായിരുന്നു. സർക്കാറിന് തന്നെ നേരിട്ട് ഇതിൽ ഇടപെടാൻ സാധിക്കുമായിരുന്നു. എന്നാൽ, 1964 ചട്ടപ്രകാരം പട്ടയഭൂമിയായി അനുഭവിക്കുന്ന ഭൂഉടമകളിൽ നിന്ന് പിഴ ഈടാക്കാനുള്ള നീക്കമാണ് സർക്കാർ നടത്തിയിരിക്കുന്നത്. ഈ ഭേദഗതി നടപ്പിലാക്കുന്നതോടെ രാഷ്ട്രീയതലത്തിലും ഉദ്യോഗസ്ഥതലത്തിലും വലിയ അഴിമതി നടക്കും എന്നും ഡീൻ കുര്യാക്കോസ് (Dean Kuriakose) പറഞ്ഞു. പ്രതിപക്ഷം ഇക്കാര്യം നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണ്. എന്നാൽ സർക്കാർ ഇത് മുഖവിലയ്‌ക്കെടുക്കാതെ മുന്നോട്ടു പോവുകയാണ്. 2019ൽ പട്ടയ ഭൂമിയിൽ കെട്ടിട നിർമാണം പാടില്ലെന്ന സർക്കാറിന്‍റെ ഉത്തരവാണ് ഈ പ്രതിസന്ധിക്കെല്ലാം കാരണം. പ്രതിഷേധങ്ങൾ ഒന്നും കണക്കാക്കാതെയാണ് സർക്കാർ നിയമ ഭേദഗതിയുമായി മുന്നോട്ട് പോയത്. പ്രതിപക്ഷം കൊണ്ടുവന്ന ഒരു ഭേദഗതിയും സർക്കാർ സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും എം പി വ്യക്തമാക്കി.