Dead Body Carried On Bike: ആംബുലന്‍സ് വന്നില്ല, മൃതദേഹം കൊണ്ടുപോയത് ബൈക്കില്‍; താണ്ടിയത് 10 കിലോമീറ്റര്‍ - ഒഡിഷ അംഗുല്‍
Published : Sep 13, 2023, 1:09 PM IST
അംഗുല്‍ (ഒഡിഷ) : ആംബുലന്‍സ് ലഭ്യമാകാത്തതിനെ തുടര്‍ന്ന് മൃതദേഹം ബൈക്കില്‍ കൊണ്ടുപോയത് 10 കിലോമീറ്ററോളം (Dead Body Carried On Bike). കഴിഞ്ഞ ദിവസം (സെപ്‌റ്റംബര്‍ 11) വൈകിട്ടോടെ ഒഡിഷ അംഗുല്‍ ജില്ലയിലെ ബാലസിംഗ ഗ്രാമത്തില്‍ നിന്നാണ് ഹൃദയ ഭേദകമയ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്‌തത്. ബാലസിംഗ നിവാസിയായ ദുവാരി ഗുരു (60) സെപ്‌റ്റംബര്‍ 11ന് വൈകിട്ട് 4 മണിയോടെയാണ് ഇടിമിന്നലേറ്റ് മരിച്ചത്. മൃതദേഹം ആശുപത്രിയില്‍ എത്തിക്കാന്‍ നാട്ടുകാര്‍ 108 ആംബുലന്‍സില്‍ ബന്ധപ്പെട്ടു. ആംബുലന്‍സ് ലഭ്യമല്ലെന്നും അല്‍പനേരം കാത്തിരിക്കണമെന്നും സെന്‍ററില്‍ നിന്ന് അറിയിച്ചു. എന്നാല്‍ വൈകിട്ട് 6.30 വരെ കാത്തിട്ടും ആംബുലന്‍സ് എത്തിയില്ല. തുടര്‍ന്നാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ബൈക്കില്‍ അംഗുല്‍ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയത് (non availability of ambulance Dead Body Carried On Bike). നിലവില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം ആംബുലന്‍സ് സൗകര്യം ലഭ്യമല്ലാത്തതും മൃതദേഹം ബൈക്കില്‍ കൊണ്ടുപോയതും ജില്ലയിലെ ആരോഗ്യ സംവിധാനത്തിന് നേരെ വിരല്‍ ചൂണ്ടുകയാണ്. ഇതിനോടകം നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രതിഷേധം അറിയിച്ച് പലരും രംഗത്തു വന്നു.