ഹാഥ് സെ ഹാഥ് ജോഡോ യാത്രയ്ക്ക് നേരെ ഡിസിസി നേതാവിന്‍റെ മുട്ടയേറും കല്ലേറും ; നടപടിയാവശ്യപ്പെട്ട് ജില്ല നേതൃത്വം - ഹാഥ് സേ ഹാഥ് ജോഡോ യാത്ര
പത്തനംതിട്ട : ഹാഥ് സെ ഹാഥ് ജോഡോ യാത്ര നയിച്ച എഐസിസി, കെപിസിസി നേതാക്കള്‍ക്ക് നേരെ മുട്ട എറിഞ്ഞ പത്തനംതിട്ട ഡിസിസി നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ല നേതൃത്വം. കെപിസിസി ജനറല്‍ സെക്രട്ടറി എം എം നസീര്‍, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാള്‍ തുടങ്ങിയവര്‍ പങ്കെടുത്ത ജാഥയ്ക്ക് നേരെയാണ് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി നേതാവിന്‍റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ കല്ലേറും മുട്ടയേറും ഉണ്ടായത്. ഡിസിസി ജനറല്‍ സെക്രട്ടറി എം സി ഷെരീഫിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മുട്ടയും കല്ലും എറിഞ്ഞത്.
ശനിയാഴ്‌ച വൈകിട്ട് പത്തനംതിട്ട വലഞ്ചുഴിയിലാണ് സംഭവം. വലഞ്ചുഴിയിലൂടെ യാത്ര കടന്നുപോയപ്പോഴാണ് പത്തനംതിട്ട നഗരസഭ കൗൺസിലർ കൂടിയായ ഡിസിസി ജനറൽ സെക്രട്ടറി എം സി ഷെരീഫിന്‍റെ നേതൃത്വത്തിൽ മുട്ട എറിഞ്ഞത്. എം എം നസീറിന്‍റെ കാറിന് നേരെ കല്ലും എറിഞ്ഞു. കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
പാര്‍ട്ടിയിലെ തര്‍ക്കമാണ് പ്രതിഷേധത്തിന് കാരണം എന്നാണ് സൂചന. മുട്ടയും കല്ലും എറിഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് എം എം നസീര്‍ പ്രതികരിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ഷെരീഫ് മദ്യപിച്ചിരുന്നുവെന്നും എം എം നസീര്‍ ആരോപിച്ചു. അക്രമം നടത്തിയവർക്കെതിരെ അച്ചടക്ക നടപടി എടുക്കാൻ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനോട് ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് ജില്ല നേതൃത്വം അറിയിച്ചിരുന്നു.