'വിരമിച്ച ജഡ്‌ജിമാര്‍ പാര്‍ലമെന്‍റുകളിലേക്കും ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്കും പോകുന്നത് കോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യും'; ഡി രാജ - പൗരന്‍റെ അഭിമാന സംരക്ഷണത്തിൽ നിയമവ്യവസ്ഥയുടെ പങ്ക്
Published : Nov 6, 2023, 11:26 AM IST
തിരുവനന്തപുരം : രാജ്യത്ത് വിരമിക്കുന്ന ജഡ്‌ജിമാര്‍ നേരെ പാര്‍ലിമെന്‍റുകളിലേക്ക് ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്കും പോവുകയാണെന്നും ഇത് കോടതിയുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നു എന്നും സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ (D Raja Against Judges Reapportionment). നിയമസഭ പുസ്‌തകോത്സവത്തിന്‍റെ ഭാഗമായി മനുഷ്യാവകാശ സംരക്ഷണത്തിലും പൗരന്മാരുടെ അഭിമാന സംരക്ഷണത്തിലും നിയമവ്യവസ്ഥയുടെ പങ്കെന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജസ്‌റ്റിസുമാരുടെ വിരമിക്കലിന് ശേഷം നിശ്ചിത കാലയളവിലേക്ക് ഉത്തരവാദിത്തങ്ങള്‍ ഏറ്റടുക്കാതിരിക്കാനുള്ള കൂളിങ് പീരിയഡ് ഏര്‍പ്പെടുത്തണം. വിരമിക്കുന്നതിന് മുന്‍പായി ജസ്‌റ്റിസുമാര്‍ പുറപ്പെടുവിക്കുന്ന വിധികളില്‍ സംശയം ഉയരുന്നു. അയോധ്യ വിധി ചോദ്യം ചെയ്യപ്പെട്ടത് നാം കണ്ടതാണ്. വിരമിച്ചതിന് പിന്നാലെ ഇവര്‍ ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്കും പാര്‍ലമെന്‍റുകളിലേക്കും പോകുന്നു. ഇത് കോടതികളുടെ വിശ്വാസ്യത തകര്‍ക്കുന്ന പ്രവൃത്തിയാണ്. സാധാരണക്കാരന് കോടതികളില്‍ വിശ്വാസമുണ്ട്. അവസാന ആശ്രയമായ കോടതികള്‍ കൂടി നഷ്‌ടമായാല്‍ പിന്നെ സാധാരണക്കാര്‍ക്ക് മറ്റൊന്നുമില്ല. നമ്മുടെ നിയമവ്യവസ്ഥയില്‍ സാമൂഹിക പ്രതിനിധീകരണം ആവശ്യമാണ്. എന്നാല്‍ ദലിത് - സ്ത്രീ ന്യായാധിപര്‍ എത്രത്തോളമുണ്ടെന്ന് പരിശോധിക്കണം. ഗവര്‍ണര്‍മാര്‍ എല്ലാ അധികാരങ്ങളും തങ്ങള്‍ക്കാണെന്ന ധാരണയിലാണ്. സര്‍ക്കാരിന് മുകളിലല്ല ഗവര്‍ണര്‍മാര്‍. കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരം പ്രസിഡന്‍റിന് താത്പര്യമുള്ളവരെ ഗവര്‍ണര്‍മാരായി നിയമിക്കാം. ഗവര്‍ണര്‍ എന്ന സ്ഥാനം തന്നെ ആവശ്യമാണോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഗവര്‍ണര്‍ ഒരു ഭരണഘടന സ്ഥാനമാണ്. അവര്‍ ഭരണഘടനയെ ബഹുമാനിക്കണം. രാജ്യത്ത് മതേതരത്വവും ജനാധപത്യവും മാധ്യമങ്ങളും ആക്രമിക്കപ്പെടുന്നുവെന്നും ഡി രാജ പറഞ്ഞു.
ALSO READ: Students Assembly:Kerala Legislature International Book Festival നിയമസഭ പുസ്‌തകോത്സവം രണ്ടാം എഡിഷന്‍ നവംബര്‍ 1 മുതല്‍, 160 പ്രസാധകര്‍, 255 സ്റ്റാളുകള്‍