Cruelty To Elephants At Munnar മൂന്നാര്‍ ആനസവാരി കേന്ദ്രത്തില്‍ ആനകൾക്ക് നേരെ കൊടുംക്രൂരത; നടപടി ആവശ്യപ്പെട്ട് മൃഗസ്നേഹികൾ - ആനസവാരി
Published : Sep 10, 2023, 3:00 PM IST
ഇടുക്കി : മൂന്നാര്‍ ആനസവാരി കേന്ദ്രത്തില്‍ ആനകള്‍ക്ക് നേരേ ഉപദ്രവം (Cruelty To Elephants At Munnar). മൂന്നാര്‍ മാട്ടുപ്പെട്ടി റൂട്ടില്‍ കാര്‍മ്മല്‍ഗിരി ആനസവാരി കേന്ദ്രത്തിലെ (Carmelagiri elephant park) ആനകളെ പാപ്പാന്മാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. വലിയ വടി ഉപയോഗിച്ച് ആനയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ നടപടി ആവശ്യപ്പെട്ട് മൃഗസ്നേഹികളും രംഗത്തെത്തിയിരിക്കുകയാണ്. ദിവസേന നിരവധി സഞ്ചാരികളെത്തുന്ന ഇവിടെ പതിനായിരക്കണക്കിന് രൂപ വരുമാനം ആന സവാരിയിലൂടെ ലഭിക്കുന്നുണ്ട്. ഈ ആനസവാരി കേന്ദ്രത്തിലെ (Munnar Elephant riding Centre) ആനകളാണ് പാപ്പാന്മാരുടെ ക്രൂരമായ പീഡനത്തിന് ഇരയാകുന്നത്. സവാരിക്ക് ഉപയോഗിക്കുന്ന ആനകളുടെ സംരക്ഷണം ഒരു തരത്തിലും പാലിക്കപ്പെടുന്നില്ല എന്നതിന്‍റെ ഉദാഹരണമാണ് മൂന്നാര്‍ കാര്‍മ്മല്‍ഗിരി ആന സവാരി കേന്ദ്രത്തിലെ ആനകള്‍ക്ക് നേരെയുള്ള ഈ കൊടും ക്രൂരത. ആനകളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ആനസവാരി കേന്ദ്രത്തിന്‍റെ ഉടമയ്‌ക്ക് എതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനായ ഗ്രീന്‍ കെയര്‍ കേരള രംഗത്തെത്തി. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നും ഈ ആന സവാരി കേന്ദ്രത്തിന് ലൈസൻസ് ഉണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രീന്‍ കെയര്‍ കേരള ജില്ല ജനറല്‍ സെക്രട്ടറി കെ ബുള്‍ബേന്ദ്രന്‍ രംഗത്തെത്തി. ആനകളെ മാറ്റിക്കെട്ടുന്നതുമായി ബന്ധപ്പെട്ട് പാപ്പാന്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ ഇവിടെ കുത്തേറ്റ മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.