Oommen Chandy | ജനനായകന് വിട ; വിലാപയാത്ര കാത്ത് വഴിനീളെ ആള്‍ക്കൂട്ടം, വികാരഭരിതരായി നേതാക്കളും പ്രവര്‍ത്തകരും - മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം :മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് തലസ്ഥാന നഗരം യാത്രാമൊഴി നല്‍കി. രാവിലെ പുതുപ്പള്ളി ഹൗസില്‍ നിന്നാരംഭിച്ച വിലാപ യാത്ര എംസി റോഡിലെത്തിയപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ അടക്കം നൂറുകണക്കിനാളുകളാണ് വഴിയരികില്‍ കാത്തുനിന്നത്. വിലാപ യാത്ര കടന്നുപോകുന്ന വഴികളിലെല്ലാം വന്‍ ജനക്കൂട്ടമാണ്. 53 വര്‍ഷം നിയമസഭാംഗമായി ഉമ്മന്‍ചാണ്ടി സജീവമായ നിയമസഭ മന്ദിരത്തിന് മുന്നില്‍ അല്‍പസമയം ഭൗതികശരീരമുള്ള വാഹനം നിര്‍ത്തിയിട്ടു. വികാരഭരിതരായാണ് പാര്‍ട്ടി നേതാക്കള്‍ വഴിയരികില്‍ കാത്തുനിന്നത്. കേരളത്തില്‍ പകരം വയ്‌ക്കാനില്ലാത്ത വ്യക്തിത്വമാണ് ഉമ്മന്‍ചാണ്ടിയെന്ന് അവര്‍ പ്രതികരിച്ചു. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെന്ന നേതാവായിരുന്നുവെന്നും മുഴുവന്‍ പാവപ്പെട്ട ജനങ്ങളുടെയും പ്രിയ നേതാവാണ് അദ്ദേഹമെന്നും നേതാക്കള്‍ പറഞ്ഞു. ഉറക്കവും ഭക്ഷണവും ഇല്ലാതെ പൊതുജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ഇങ്ങനെയൊരു നേതാവ് കേരളത്തില്‍ ഉണ്ടായിട്ടില്ലെന്ന് ജനങ്ങളുടെയും പ്രതികരണം. ഉമ്മന്‍ ചാണ്ടിയെ വാക്കുകള്‍ കൊണ്ട് അനുസ്‌മരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവായ രമണി പി നായര്‍ പറഞ്ഞു. വെഞ്ഞാറമ്മൂടുകാരുടെ ഹൃദയമാണ് അദ്ദേഹം. എന്ത് കാര്യമുണ്ടെങ്കിലും ഓടിയെത്തുകയും പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിക്കുകയും ചെയ്യുന്ന നേതാവിനെയാണ് നഷ്‌ടമായതെന്നും രമണി പി നായര്‍ പറഞ്ഞു.