ഹൈക്കോടതി ഇടപെടൽ തിരിച്ചടി ; ആനയിറങ്കലിലെ ബോട്ടിങ് നിര്‍ത്തിവച്ചതിൽ പ്രതിസന്ധി തുടരുന്നു
ഇടുക്കി : ആനയിറങ്കൽ ജലാശയത്തിലെ ബോട്ടിങ് താത്‌കാലികമായി നിർത്തിവച്ചതോടെ മേഖലയിലെ ടൂറിസം രംഗത്ത് ആശങ്ക തുടരുന്നു. അരിക്കൊമ്പന്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം ആനയിറങ്കല്‍ ജലാശയിലെ ബോട്ടിങ് തത്‌കാലികമായി നിർത്തിവയ്‌ക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഇതോടെ ഈ മേഖലയെ മാത്രം ആശ്രയിച്ചിരുന്നവരുടെ ദൈനംദിന ജീവിതം അവതാളത്തിലായിരിക്കുകയാണ്. 2015 ഓഗസ്റ്റ് 21 നാണ് ഹൈഡൽ ടൂറിസം ഡിപ്പാർട്ട്മെന്‍റ് ആനയിറങ്കൽ ജലാശയത്തിൽ ബോട്ടിങ് ആരംഭിച്ചത്. രണ്ട് സ്‌പീഡ് ബോട്ടുകൾ, 20 പേർക്ക് സഞ്ചരിക്കാവുന്ന ഒരു ജങ്കാർ ബോട്ട്, നാല് പെഡൽ ബോട്ടുകൾ, ഏഴ് കുട്ടവഞ്ചികൾ, 10 കയാക്കിങ് വഞ്ചികൾ എന്നിവയാണ് ഇവിടെ സഞ്ചാരികൾക്കായി സർവീസ് നടത്തിയിരുന്നത്. വശ്യമനോഹരമായ തേയില മലകൾക്ക് നടുവിലെ ആനയിറങ്കൽ ജലാശയത്തിലൂടെയുള്ള ബോട്ട് യാത്ര ഏറെ ആകർഷകമായിരുന്നു. ബോട്ടിങ്ങിനു നിരോധനം ഏർപ്പെടുത്തിയത് അറിയാതെ ഇവിടെയെത്തുന്ന സഞ്ചാരികൾ നിരാശരായി മടങ്ങുകയാണ്. സീസണിൽ ഒരു ലക്ഷം രൂപയും ഓഫ് സീസണിൽ ശരാശരി 25,000 രൂപയുമായിരുന്നു ആനയിറങ്കൽ ഹൈഡൽ ടൂറിസം സെന്‍ററിൽ നിന്നുള്ള പ്രതിദിന വരുമാനം. 10 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇത് കൂടാതെ നിരവധി വ്യാപാര സ്ഥാപനങ്ങളും വഴിയോര കച്ചവട സ്ഥാപനങ്ങളും ആനയിറങ്കലിലെത്തുന്ന സഞ്ചാരികളെ ആശ്രയിച്ചാണ് മുന്നോട്ടു പോയിരുന്നത്. ബോട്ട് യാത്ര വിലക്ക് നീണ്ടാൽ അത് ജില്ലയുടെ വിനോദ സഞ്ചാര സാധ്യതകളെ വരെ പ്രതികൂലമായി ബാധിക്കും.