NH 544 | കുതിരാനിന് സമീപം റോഡില്‍ വിള്ളല്‍: തകര്‍ന്ന ഭാഗം പൊളിച്ചുനീക്കാന്‍ തുടങ്ങി, ഗതാഗത നിയന്ത്രണം - Crack on national highway at Kuthiran
തൃശൂർ:ദേശീയപാതയിലെ കുതിരാന്‍ തുരങ്കത്തിന് സമീപം വിള്ളൽ വീണതിനെ തുടര്‍ന്ന് ഇടിഞ്ഞ റോഡ് പൊളിച്ചുതുടങ്ങി. തൃശൂർ - പാലക്കാട് ദേശീയപാതയിലെ വഴുക്കുംപാറയിലുണ്ടായ വിള്ളല്‍ ജെസിബി ഉപയോഗിച്ച് നീക്കുന്നതിനാല്‍, ഗതാഗതം ഒരു വശത്തുകൂടി മാത്രമാണ് കടത്തിവിടുന്നത്. വിള്ളലിന്‍റെ വ്യാപ്‌തി വര്‍ധിച്ച സാഹചര്യത്തിലാണ് റോഡിന്‍റെ ഒരു ഭാഗത്ത് കൂടിയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചത്.
തൃശൂരില്‍ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ദേശീയപാതയുടെ ഇടതുവശം മാത്രമാണ് ഗതാഗതത്തിന് ഉപയോഗിക്കുന്നത്. ഇരുവശത്തേക്കുമുള്ള വാഹനങ്ങള്‍ ഇതുവഴി ഓരോ വരിയായി കടത്തിവിടുകയാണ്. റോഡിന്‍റെ വിള്ളലുണ്ടായ ഭാഗത്തുകൂടിയുള്ള ഗതാഗതം ഏകദേശം ഒരു കിലോമീറ്ററാണ് ബ്ലോക്ക് ചെയ്‌തുവച്ചത്. വിള്ളലുണ്ടായ ഭാഗം കരാറുകാര്‍ സ്വന്തം ചെലവില്‍ പൂര്‍ണമായും പൊളിച്ചുമാറ്റിയ ശേഷമാണ് പുനര്‍നിര്‍മിക്കുന്നത്.
ദേശീയപാത അതോറിറ്റിക്ക് പുറമെ, റോഡ് സുരക്ഷ അതോറിറ്റി, നാറ്റ്പാക്ക്, പാലക്കാട് ഐഐടി ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ മേല്‍നോട്ടത്തിലാണ് നിർമാണം. അതേസമയം, കരാറുകാര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം അനുസരിച്ചുള്ള നടപടിയുടെ ഭാഗമായി ജില്ല ഭരണകൂടം നോട്ടിസ് നൽകും.