കേരളം

kerala

മണ്ണ് സംരക്ഷണ പദ്ധതിയിൽ കോടികളുടെ അഴിമതി

ETV Bharat / videos

മണ്ണ് സംരക്ഷണ പദ്ധതിയിൽ കോടികളുടെ അഴിമതി; വിജിലൻസിൽ പരാതി നൽകിയിട്ടും നടപടി ഇല്ലെന്ന് ആരോപണം - governments soil irrigation programme

By

Published : Jun 18, 2023, 8:00 PM IST

ഇടുക്കി : കേരള തമിഴ്‌നാട് അതിർത്തി മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ മണ്ണ് സംരക്ഷണ പദ്ധതിയിൽ കോടികളുടെ അഴിമതി നടന്നതായി ആരോപണം. 2020ൽ കൃഷി വകുപ്പ് നെടുങ്കണ്ടം, കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ നടപ്പാക്കിയ പദ്ധതികളിലാണ് അഴിമതി ആരോപണം ഉയർന്നിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് വിജിലൻസിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്നും പരാതിക്കാർ ആരോപിക്കുന്നു.

കരുണാപുരം, നെടുകണ്ടം ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി മേഖലകളിൽ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയത്. സംസ്ഥാന ഗവൺമെന്‍റ് കൃഷി വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ മണ്ണ് സംരക്ഷണ വകുപ്പുമായി ചേർന്നാണ് പദ്ധതി നടത്തിയത്. രണ്ട് കോടി രൂപ ചെലവിൽ വിവിധ വാർഡുകളിൽ പദ്ധതി നടപ്പിലാക്കുകയായിരുന്നു.

ജലസംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം മണ്ണ് സംരക്ഷണവും ഉറപ്പാക്കുക എന്നത് ലക്ഷ്യമിട്ടായിരുന്നു പദ്ധതി. വാട്ടർ ഷെഡുകൾ, ചെക്ക് ഡാമുകൾ, വിവിധ ജലസേചന പദ്ധതികൾ ഇവയൊക്കെയായിരുന്നു നടപ്പാക്കിയത്. ഇസ്രയേൽ ടെക്നോളജി ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്നായിരുന്നു അധികൃതർ അന്ന് വിശദീകരിച്ചത്. 

ഇതനുസരിച്ച് കർഷകരിൽ നിന്നും ഏറ്റെടുത്ത ഭൂമിയിൽ നിരവധി പ്രവർത്തികൾ നടത്തി. എന്നാൽ ഇതിൽ ഒന്ന് പോലും ഫലപ്രാപ്‌തിയിൽ എത്തിയില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ചെക്ക് ഡാം പൊട്ടി ഉപയോഗ ശൂന്യമായി. ജലസേചന പദ്ധതികൾക്കായി ഭൂമി നൽകിയ കർഷകർക്ക് പദ്ധതി ഉപയോഗ ശൂന്യമായതിന് പിന്നാലെ ഭൂമിയും ഇപ്പോൾ പാഴായിരിക്കുകയാണ്. 

ഇത് ചൂണ്ടിക്കാണിച്ച് വിജിലൻസിന് പരാതി നൽകിയിരുന്നു. എന്നാൽ വിജിലൻസിന്‍റെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്നും പരാതിക്കാർ പറയുന്നു. വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ട് വരും ദിവസങ്ങളിൽ വകുപ്പിനെയും ഗവൺമെന്‍റിനെയും സമീപിക്കുവാൻ ഒരുങ്ങുകയാണ് നാട്ടുകാർ.

ABOUT THE AUTHOR

...view details