കെ വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം: കരിന്തളം ഗവ കോളജിന് സംഭവിച്ചത് ഗുരുതര വീഴ്‌ചയെന്ന് ആരോപണം - കാസർകോട് ഏറ്റവും പുതിയ വാര്‍ത്ത
കാസർകോട് :കെ വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റ് പരിശോധിക്കുന്നതിൽ കാസർകോട് കരിന്തളം ഗവ കോളജിന് ഗുരുതര വീഴ്‌ച സംഭവിച്ചുവെന്ന് ആരോപണം. അഭിമുഖത്തിനായി ഹാജരാക്കിയത് ശരിയായ സർട്ടിഫിക്കറ്റാണോ എന്ന് പരിശോധിച്ചതിൽ കോളജ് അധികാരികൾ അലംഭാവം കാണിച്ചു എന്ന ആരോപണങ്ങളും പുറത്ത് വരുന്നുണ്ട്. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കരിന്തളം കോളജിൽ അടിയന്തര കൗൺസിൽ യോഗം ചേർന്നു.
കോളജിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമാണോയെന്ന് ഉറപ്പിക്കാൻ മഹാരാജാസിലേക്ക് അയക്കുമെന്ന് പ്രിൻസിപ്പാള്‍ ജെയ്‌സൺ വി ജോസഫ് പറഞ്ഞു. സർട്ടിഫിക്കറ്റ് വ്യാജമെങ്കിൽ വിദ്യയ്‌ക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. 2022 ജൂൺ മുതൽ 2023 മാർച്ച് വരെയാണ് കാസർകോട് കരിന്തളം ഗവ കോളജിൽ കെ വിദ്യ താത്‌കാലിക അധ്യാപികയായി ജോലി ചെയ്‌തത്.
നിയമനം ലഭിക്കാൻ വിദ്യ ഹാജരാക്കിയ രേഖ വ്യാജമാണോ എന്ന് പരിശോധിക്കുന്നതിൽ കോളജ് അധികാരികൾക്ക് വീഴ്‌ച സംഭവിച്ചുവെന്നാണ് ആരോപണം. എന്നാൽ, സീലും ഒപ്പും എല്ലാം സർട്ടിഫിക്കറ്റിൽ ഉണ്ടായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. അട്ടപ്പാടി ഗവൺമെന്‍റ് കോളജിൽ ഈ വർഷം നിയമനത്തിന് ശ്രമിച്ചപ്പോഴാണ് വ്യാജ സർട്ടിഫിക്കറ്റാണെന്ന കാര്യം പുറത്തറിയുന്നത്.
സർട്ടിഫിക്കറ്റിൽ ഉപയോഗിച്ച സീലിലും ഒപ്പിലും സംശയം തോന്നിയപ്പോഴാണ് അട്ടപ്പാടി കോളജ് മഹാരാജാസ് കോളജിൽ ബന്ധപ്പെടുന്നത്. 2018 കാലയളവിൽ മഹാരാജാസിൽ ജോലി ചെയ്‌ത അട്ടപ്പാടി കോളജ് പ്രിൻസിപ്പാളിന് തോന്നിയ സംശയമാണ് ഗുരുതരമായ ക്രമക്കേട് പുറത്തെത്തിച്ചത്. സംഭവത്തിൽ കരിന്തളം ഗവ കോളജ് അധികാരികൾക്കും വിദ്യയുടെ നിയമനത്തിൽ പങ്കുണ്ടെന്ന് കോൺഗ്രസും കെഎസ്‌യുവും ആരോപിച്ചു.