Contact List Of Nipah Deceased : നിപ : മരിച്ചവരുടെ സമ്പർക്കപ്പട്ടികയിൽ 168 പേർ, റൂട്ട് മാപ്പ് തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി - കേരളത്തില്‍ വീണ്ടും നിപ
Published : Sep 12, 2023, 8:59 PM IST
|Updated : Sep 12, 2023, 9:23 PM IST
കോഴിക്കോട് :മരുതോങ്കരയിലും ആയഞ്ചേരിയിലും മരിച്ചവരുടെ സമ്പർക്കപ്പട്ടികയിൽ (Contact List Of Nipah Deceased ) 168 പേരെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് (Health Minister Veena George). ആദ്യം മരിച്ച വ്യക്തിയുമായി സമ്പർക്കത്തിലുള്ളത് 158 പേരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 127 പേർ ആരോഗ്യ പ്രവർത്തകരാണ്. ബാക്കി 31 പേർ ബന്ധുക്കളും വീടിൻ്റെ പരിസര പ്രദേശങ്ങളിൽ ഉള്ളവരുമാണ്. രണ്ടാമത് മരിച്ച വ്യക്തിയുടെ സമ്പർക്കത്തിൽ നൂറിലേറെ പേർ ഉണ്ടെങ്കിലും പത്ത് പേരെയാണ് തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് സമ്പർക്ക പട്ടിക തയ്യാറാക്കിയത്. സഞ്ചാര പാത വ്യക്തമാക്കുന്ന റൂട്ട് മാപ്പും തയ്യാറാക്കുമെന്ന് മന്ത്രി അറിയിച്ചു. പനി ബാധിച്ചുള്ള മരണ കാരണം നിപ വൈറസ് (Nipah Virus) ആണെന്ന് കേന്ദ്രമന്ത്രി സ്ഥിരീകരിച്ചതിന് പിന്നാലെ വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങൾ വ്യക്തമാക്കാനായി സർവേ നടത്തും. മൃഗസംരക്ഷണ വകുപ്പും വനംവകുപ്പും യോജിച്ചായിരിക്കും സർവേ നടത്തുക. ഐസിഎംആർ - എൻഐവി പൂനെ ബാറ്റ് സ്‌ക്വാഡും കേരളത്തിലെത്തും. നിപ സാമ്പിൾ പരിശോധനയ്ക്ക് കാലതാമസം നേരിടുന്ന സാഹചര്യത്തിൽ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ മൊബൈൽ സ്‌ക്വാഡ് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തും. അതേസമയം, നിപ ലക്ഷണങ്ങളുമായി നിലവിൽ ഏഴ് പേർ ചികിത്സയിലുണ്ടെന്ന് അവലോകന യോഗശേഷം മന്ത്രിമാരായ വീണ ജോർജും മുഹമ്മദ് റിയാസും അറിയിച്ചു. ഇന്ന് മൂന്ന് പേർ കൂടി ചികിത്സ തേടി. എല്ലാവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച മരുതോങ്കര സ്വദേശിയുടെ സമ്പർക്കത്തിലുള്ള നാല് പേരും ആയഞ്ചേരി സ്വദേശിയുടെ സമ്പർക്കത്തിലുള്ള മൂന്ന് പേരുമാണ് നിലവിൽ ലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. രോഗലക്ഷണമുള്ളവർ കോൾ സെൻ്ററുമായി ബന്ധപ്പെടണമെന്നും 108 ആംബുലൻസ് സൗകര്യം സജ്ജമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.