Construction Ban In Idukki : ഇടുക്കിയിലെ നിര്‍മാണ നിരോധനം വനവത്കരണത്തിന്‍റെ ഭാഗമെന്ന ആരോപണവുമായി ഒരു വിഭാഗം
Published : Sep 24, 2023, 2:23 PM IST
ഇടുക്കി :ജില്ലയിലെ 13 ഗ്രാമപഞ്ചായത്തുകളില്‍ പുതിയതായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിര്‍മാണ നിരോധനം (Construction Ban In Idukki ) വന വത്കരണത്തിന്‍റെ (afforestation ) ഭാഗമായുള്ള ഗൂഢനീക്കമാണെന്ന് ആരോപണം. പ്രളയകാലത്ത്, നാശനഷ്‌ടം സംഭവിയ്ക്കാത്ത മേഖലകളെ ഉള്‍പ്പെടുത്തിയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏലമലകളും വന മേഖലകളോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളും നിയന്ത്രണ മേഖലയാക്കിയത്, വന വത്കരണ ശ്രമത്തിന്‍റെ മുന്നോടിയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. ഇടുക്കിയില്‍ നിര്‍മാണ നിരോധനം ഉള്ള എട്ട് വില്ലേജുകൾ കൂടാതെ, കഴിഞ്ഞയിടെ ജില്ല കലക്‌ടര്‍ 13 ഗ്രാമ പഞ്ചായത്തുകളില്‍ സമ്പൂര്‍ണ നിര്‍മാണ നിരോധനം പ്രഖ്യാപിച്ചിരുന്നു. 2018ലെ പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരമായിരുന്നു പ്രഖ്യാപനം. എന്നാല്‍ പ്രളയകാലത്ത്, കാര്യമായ നാശ നഷ്‌ടങ്ങള്‍ ഉണ്ടാകാതിരുന്ന ഉടുമ്പന്‍ചോല, ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വന്‍ ദുരന്തങ്ങള്‍ സംഭവിച്ച ഭൂരിപക്ഷം മേഖലകളും ഒഴിവാക്കി. മതികെട്ടാന്‍ ചോല ദേശീയ ഉദ്യാനത്തോട് ചേര്‍ന്ന് കിടക്കുന്നതും ഏലമലക്കാടുകള്‍ ഉള്‍പ്പെടുന്നതുമായ ഉടുമ്പന്‍ചോലയും ശാന്തന്‍പാറയും ചിന്നക്കനാലും നിരോധന മേഖലകളായി മാറിയത്, വന വത്കരണത്തിന്‍റെ ഭാഗമായിട്ടാണെന്നാണ് ആക്ഷേപം. കൃത്യമായ പഠനം നടത്താതെയാണ് നിരോധനം നടപ്പിലാക്കിയിരിക്കുന്നതെന്നും ഒരുവിഭാഗമാളുകള്‍ കുറ്റപ്പെടുത്തുന്നു.