'എൻ.എസ്.എസിനെ കുറിച്ചുള്ള നല്ല വാക്കുകൾ സെപ്റ്റംബർ 5 കഴിഞ്ഞാലും ഉണ്ടാകണം' ; സിപിഎമ്മിനോട് കെ മുരളീധരൻ - Congress supported NSS
കോഴിക്കോട്:എൻ.എസ്.എസിനെതിരായ നാമജപ കേസ് പിൻവലിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. സി.പി.എം അയ്യപ്പനെ തൊട്ടപ്പോൾ കൈ പൊള്ളി. ഗണപതിയെ തൊട്ടപ്പോൾ കയ്യും മുഖവും പൊള്ളി. അതിന്‍റെ ലക്ഷണങ്ങളാണിതെല്ലാം. എൻ.എസ്.എസിനെ കുറിച്ച് പറയുന്ന നല്ല വാക്കുകൾ സെപ്റ്റംബർ 5 കഴിഞ്ഞാലും ഉണ്ടാകണമെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു. എൻ.എസ്.എസിനെ കോൺഗ്രസ് അനുകൂലിച്ചപ്പോൾ വർഗീയത പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു സി.പി.എം പറഞ്ഞത്. എന്‍.എസ്.എസിന്‍റെ ഒരു ചടങ്ങിലും ബി.ജെ.പിയെ ക്ഷണിച്ചിട്ടില്ല. അങ്ങനെയുള്ള മതസൗഹാർദം സൂക്ഷിക്കുന്ന എൻ.എസ്.എസിനെ വർഗ്ഗീയ സംഘടനയെന്ന് പറഞ്ഞത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുന്‍ മന്ത്രി എ.കെ. ബാലനുമാണ്. ഇപ്പോൾ എം.വി.ഗോവിന്ദൻ പ്ലേറ്റ് മാറ്റി. എൻ.എസ്.എസ് വര്‍ഗീയ സംഘടനയല്ല എന്ന് പറഞ്ഞതില്‍ സന്തോഷമുണ്ട്. ആ പറഞ്ഞത് സെപ്റ്റംബർ 5 കഴിഞ്ഞാലും ഓര്‍മ്മ വേണം. കാരണം പുതുപ്പള്ളി കഴിഞ്ഞാല്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് വരുന്നുണ്ട്. അത് കഴിഞ്ഞാല്‍ തദ്ദേശ തെരഞ്ഞെടുപ്പ്. പിന്നീട് അസംബ്ലി തെരഞ്ഞെടുപ്പും. ഇതൊക്കെ മനസിലുണ്ടാവുന്നത് നല്ലതാണെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.