Congress protest | കെ സുധാകരന്‍റെ അറസ്റ്റ്; കോട്ടയത്ത് പ്രതിഷേധ പ്രകടനവുമായി കോണ്‍ഗ്രസ്
കോട്ടയം:മോന്‍സണ്‍ മാവുങ്കല്‍ പുരാവസ്‌തു തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ അറസ്റ്റില്‍ കോട്ടയത്ത് വ്യാപക പ്രതിഷേധം. ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനവും ധര്‍ണയും സംഘടിപ്പിച്ചത്. കെ സുധാകരനെ കള്ളക്കേസില്‍ കുടുക്കിയാണ് പൊലീസ് അറസ്റ്റ് ചെയ്‌തതെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്.
നഗരസഭ കൗൺസിൽ അംഗം എം പി സന്തോഷ് കുമാർ, ഐഎൻടിയുസി അധ്യക്ഷൻ ഫിലിപ്പ് ജോസഫ്, മുൻ കൗൺസിൽ അംഗം എസ് ഗോപകുമാർ തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലും അറസ്റ്റും:ഇന്നലെയാണ് (ജൂണ്‍ 23) നീണ്ട ചേദ്യം ചെയ്യലിന് പിന്നാലെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വഞ്ചന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ സുധാകരനെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫില്‍ ഇന്നലെ (ജൂണ്‍ 23) രാവിലെയോടെയാണ് കെ സുധാകരന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. ഉച്ചയ്‌ക്ക് 12 മുതല്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ഉച്ചയ്‌ക്ക് ഭക്ഷണവും മരുന്നും കഴിക്കാന്‍ സമയം നല്‍കിയതിന് പിന്നാലെ മൂന്ന് മണിക്ക് വീണ്ടും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. വൈകിട്ട് 6.30 വരെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം 7.15ഓടെ അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടയച്ചു.