Video | രാത്രി വീട്ടിൽ അതിക്രമിച്ചുകയറി മര്‍ദിച്ചു; പൊലീസുകാര്‍ക്കെതിരെ പരാതി - കൊല്ലം പൊലീസ് അതിക്രമം
കൊല്ലം: കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥർ രാത്രി സമയം വീട്ടിൽ കയറി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരോട് മോശമായി പെരുമാറിയതായി പരാതി. കുണ്ടറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി. ബഹളം കേട്ടെത്തിയ സമീപവാസിയെ പൊലീസ് മർദിച്ചെന്നും ആക്ഷേപമുണ്ട്. കൊല്ലം കരിക്കോട് ടികെഎം കോളജിന് എതിർവശത്തെ അലി മൻസിലിലാണ് ഇന്നലെ (മാര്‍ച്ച് 13) രാത്രി പൊലീസ് ഉദ്യോഗസ്ഥർ അതിക്രമിച്ചുകടന്നത്.
മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും മഫ്‌തിയിലായിരുന്നു. പ്രതിയെ പിടികൂടാൻ എത്തിയതെന്നാണ് പൊലീസുകാര്‍ നല്‍കിയ വിശദീകരണം. ഈ സമയം സ്ത്രീകളും കുട്ടികളും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. കാര്യം തിരക്കിയപ്പോൾ ഉദ്യോഗസ്ഥർ തട്ടിക്കയറി. ബഹളം കേട്ട് സമീപവാസിയായ സിനിലാൽ സ്ഥലത്തെത്തി.
പൊലീസ് ആണെങ്കിൽ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടു. ഇതോടെ പൊലീസുകാർ സിനിലാലിനെതിരെ തിരിഞ്ഞു. തുടർന്ന് ഇയാളെ ഉദ്യോഗസ്ഥര്‍ ക്രൂരമായി മർദിച്ചു. പൊലീസുകാര മർദിച്ചു എന്നാരോപിച്ച് സിനിലാലിനെതിരെ ഏഴ് വകുപ്പുകൾ ചുമത്തി കേസെടുത്തു. പൊലീസുകാർക്കെതിരെ സ്ത്രീകൾ പരാതി നൽകി. വധശ്രമക്കേസ് പ്രതിയെ അന്വേഷിച്ച് എത്തിയതാണെന്നാണ് പൊലീസ് വിശദീകരണം എങ്കിലും വീട് മാറി കയറിയതാണ് അതിക്രമത്തിൽ കലാശിച്ചത്.