വടക്കുംനാഥ ക്ഷേത്രത്തിലെ ആൽ മുത്തശ്ശിക്ക് ബലക്ഷയം; സംരക്ഷണമൊരുക്കി ക്ഷേത്ര സമിതി
തൃശൂര്‍: പരിസ്ഥിതി ദിനത്തില്‍ തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ആൽ മുത്തശ്ശിയ്‌ക്ക് സംരക്ഷണം ഒരുക്കി ക്ഷേത്ര ഉപദേശക സമിതിയും കൊച്ചിൻ ദേവസ്വം ബോർഡും. ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആല്‍മരത്തിന്‍റെ ഭാരമുള്ള ശിഖരങ്ങള്‍ വെട്ടിമാറ്റി കെമിക്കല്‍ ട്രീറ്റ്‌മെന്‍റ് നല്‍കാനും ആരംഭിച്ചു. തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ധാരാളം ജനങ്ങളെത്തുന്ന ക്ഷേത്ര മൈതാനിയില്‍ സംരക്ഷണം ഒരുക്കുന്നതിനായി മുഴുവന്‍ മരങ്ങളും പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു.
അപ്പോഴാണ് ആലിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് സംരക്ഷണം ഒരുക്കുന്നത്. വടക്കുംനാഥ ക്ഷേത്രത്തിലെ ശ്രീമൂല സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ മുത്തശ്ശിയാല്‍ നിരവധി പൂരങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ നക്ഷത്ര വനവും ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിലെ പൂജയ്ക്കായുള്ള പൂവുകളും ഫലങ്ങളും ഔഷധ സസ്യങ്ങളുമെല്ലാം ഈ നക്ഷത്ര വനത്തില്‍ നിന്നും ലഭിക്കും. കൂടാതെ വടക്കുംനാഥ ക്ഷേത്ര മൈതാനിയിലെ ജൈവ സമ്പത്ത് ഉയർത്താനുള്ള പരിശ്രമത്തിലാണ് ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ബോര്‍ഡും.