Collector Divya S Iyer Honors 101 Year Old Shoshamma ശോശാമ്മയെ മാറോടണച്ച് മുത്തം നൽകി കലക്‌ടർ ദിവ്യ എസ് അയ്യർ - വീട്ടില്‍ കലക്‌ടര്‍ നേരിട്ടെത്തി
Published : Oct 2, 2023, 2:11 PM IST
പത്തനംതിട്ട: നൂറ്റിയൊന്നു വയസുള്ള അമ്മയെ മാറോടണച്ച് ജില്ല കലക്‌ടർ ദിവ്യ എസ് അയ്യർ മുത്തം നൽകിയപ്പോൾ മാതൃവാത്സല്യത്തിന്‍റെ പുഞ്ചിരി മൊട്ടുകൾ വിരിഞ്ഞ ആ മുഖം, കൂടി നിന്നവരുടെ മനസിലും സന്തോഷം നിറച്ചു (Collector Divya S Iyer Honors 100 Year Old Shoshamma). മോളെന്നെ കാണാന്‍ വന്നതില്‍ ഒത്തിരി സന്തോഷം. എല്ലാവരേയും ഈശ്വരന്‍ രക്ഷിക്കും എന്ന് ജില്ല കലക്‌ടറോട് പറയുമ്പോൾ പ്രായത്തെ വെല്ലുന്ന പ്രസരിപ്പ് നിറഞ്ഞിരുന്നു ആ വാക്കുകളിൽ. ലോക വയോജന ദിനത്തോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശപ്രകാരം 100 വയസു കഴിഞ്ഞ വോട്ടര്‍മാരെ ആദരിക്കുന്നതിന്‍റെ ഭാഗമായാണ് അടൂർ ചന്ദനപ്പള്ളി കോട്ടപ്പുറത്ത് വീട്ടില്‍ ശോശാമ്മ സക്കറിയ (101) യുടെ വീട്ടില്‍ കലക്‌ടര്‍ നേരിട്ടെത്തിയത്. കുട്ടികളെപ്പോലെ സന്തോഷവതിയായിരുന്നു ശോശാമ്മ. മരിച്ചു പോയ ഭര്‍ത്താവ് ചാക്കോസക്കറിയയും താനും കര്‍ഷകരായിരുന്നെന്നും, മക്കള്‍ മൂന്നു പേരും എക്‌സ് സര്‍വീസ്‌മാന്‍മാരായിരുന്നുവെന്നും, കുട്ടികളെ മികച്ച രീതിയില്‍ വളര്‍ത്തി പഠിപ്പിച്ചുവെന്നും പറയുമ്പോള്‍ ശോശാമ്മയ്ക്ക് അഭിമാനം. തന്‍റെ നൂറു വര്‍ഷത്തെ കഥകള്‍ ചിരിച്ചും ചിന്തിപ്പിച്ചും അമ്മ പറഞ്ഞു കൊണ്ടേയിരുന്നു. കുട്ടികളുടെ കൗതുകത്തോടെ കലക്‌ടര്‍ അതു കേട്ടിരുന്നു. മൂന്നു മക്കള്‍, മരുമക്കള്‍, അഞ്ചു കൊച്ചു മക്കള്‍, അവരുടെ മക്കള്‍ എന്നിങ്ങനെ നാലു തലമുറയെ കണ്ടു ജീവിതം തുടരുകയാണ് ശോശാമ്മ. ഓരോ രക്ഷിതാക്കളുടെയും കഠിനാധ്വാനത്തിലൂടെയും കഷ്‌ടപ്പാടിലൂടെയുമാണ് അടുത്ത തലമുറ നല്ല രീതിയില്‍ ജീവിക്കാനാവുന്ന തരത്തിലുള്ള സ്ഥിതിയിലെത്തുന്നത്. അതിനാല്‍ തന്നെ ജീവിതത്തിന്‍റെ സായാഹ്ന ഘട്ടത്തിലേക്ക് കടന്ന വയോജനങ്ങള്‍ക്ക് താങ്ങാകേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്തമാണെന്ന് കലക്‌ടര്‍ പറഞ്ഞു. പൊന്നാട അണിയിച്ച് ആദരിച്ച കലക്‌ടര്‍ ശോശാമ്മയോടെപ്പം കേക്കുമുറിച്ച് മധുരം പങ്കിട്ടു. ശോശാമ്മയെ മാറോടണച്ച് മുത്തവും നല്‍കി മാതൃവാത്സല്യവും നുകര്‍ന്നാണ് കലക്‌ടര്‍ മടങ്ങിയത്.