ഒളിച്ചിരുന്ന് ചീറ്റലോട് ചീറ്റല്‍; ഷൂസിനുള്ളില്‍ പതിയിരുന്ന് മൂര്‍ഖന്‍, സാഹസികമായി പിടികൂടി: വീഡിയോ - മൂര്‍ഖന്‍
Published : Nov 10, 2023, 1:35 PM IST
ചെന്നൈ :ഷൂസിനുള്ളില്‍ പതിയിരുന്ന മൂര്‍ഖന്‍ പാമ്പിനെ അതിസാഹസികമായി പിടികൂടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. വെങ്കിടേശ്വര നഗറിലെ ഒരു വീട്ടിനുള്ളിലുണ്ടായിരുന്ന ഷൂസിലാണ് മൂര്‍ഖന്‍ കയറി കൂടിയത്. വീട്ടിലെ പ്രദീപ് എന്ന എട്ടാം ക്ലാസുകാരനാണ് ഷൂസിനുള്ളില്‍ ആദ്യം പാമ്പിനെ കണ്ടത്. വീട്ടിനുള്ളിലുണ്ടായിരുന്ന സ്റ്റാന്‍റിന് അരികെ നില്‍ക്കുമ്പോഴാണ് സ്റ്റാന്‍റില്‍ നിന്നും പ്രദീപ് അസ്വാഭാവികമായൊരു ശബ്‌ദം കേട്ടത്. ഇതോടെ പ്രദീപിന്‍റെ ശ്രദ്ധ ആ സ്റ്റാന്‍റിലേക്കായി. സ്റ്റാന്‍റില്‍ സൂക്ഷിച്ച ഓരോ ചെരുപ്പും പ്രദീപ് മാറ്റി നോക്കി. അതിനിടെയാണ് ഷൂസിനുള്ളില്‍ പതിയിരിക്കുന്ന മൂര്‍ഖനെ കണ്ടത്. പാമ്പിനെ കണ്ട് ഭയന്ന പ്രദീപ് മാതാപിതാക്കളുടെ അടുത്തേക്കോടി വിവരം അറിയിച്ചു. സ്റ്റാന്‍റിനരികെയെത്തിയ മാതാപിതാക്കള്‍ ഉടന്‍ തന്നെ വൈൽഡ് ലൈഫ് ആൻഡ് നേച്ചർ കൺസർവേഷൻ ഫൗണ്ടേഷനിലെ പാമ്പ് പിടുത്തക്കാരെ വിവരം അറിയിച്ചു. ഉടന്‍ തന്നെ പാമ്പ് പിടുത്തക്കാരനായ മോഹന്‍ സ്ഥലത്തെത്തി. സാഹസികമായി മൂര്‍ഖനെ പിടികൂടി വനത്തിലേക്ക് വിട്ടയച്ചു. മൂര്‍ഖനെ അതിസാഹസികമായി പിടികൂടുന്നതിന്‍റെ വീഡിയോയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നത്.