എടിഎം കൗണ്ടറില്‍ 'മൂര്‍ഖന്‍'; വീട്ടമ്മ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം - പെരിയാർ ടൈഗർ റിസർവ്
ഇടുക്കി: നിത്യേന നൂറുകണക്കിന് ആളുകളെത്തുന്നയിടമാണ് എടിഎം കൗണ്ടറുകള്‍. അതിനാല്‍ തന്നെ ചിലയിടങ്ങളിലെല്ലാം എടിഎം കൗണ്ടറുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവും കാണാറുണ്ട്. എന്നാല്‍ കഴിഞ്ഞദിവസം ഇടുക്കി ജില്ലയിലെ കൂട്ടാര്‍ ടൗണിൽ പ്രവർത്തിക്കുന്ന സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) എടിഎം കൗണ്ടറിലെത്തിയ 'ആളെ' കണ്ട് നാട്ടുകാര്‍ ഒന്നടങ്കം ഞെട്ടി.
കൂട്ടാറിൽ എടിഎമ്മിൽ കയറിയ മൂർഖൻ പാമ്പാണ് നാടിനെയും നാട്ടുകാരെയും ഭീതിയിലാഴ്‌ത്തിയത്. ഇന്നലെ(29.03.23) വൈകുന്നേരം എടിഎമ്മില്‍ പണം പിൻവലിക്കുവാൻ എത്തിയ വീട്ടമ്മയാണ് പാമ്പിനെ ആദ്യം കാണുന്നത്. എന്നാല്‍ ഇവര്‍ എടിഎമ്മിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ തറയില്‍ സ്ഥാനമുറപ്പിച്ചിരുന്ന പാമ്പ് ഇവരുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല.
തുടര്‍ന്ന് പണം പിന്‍വലിച്ച് മടങ്ങാനൊരുങ്ങവെയാണ് പത്തി വിടര്‍ത്തി നില്‍ക്കുന്ന പാമ്പിനെ വീട്ടമ്മ കാണുന്നത്. ഉടന്‍തന്നെ ബഹളം വച്ച് ആളെ കൂട്ടിയാണ് വീട്ടമ്മ എടിഎം കൗണ്ടറിന് പുറത്തുകടന്നത്. അതേസമയം പാമ്പിന്‍റെ കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടതാവട്ടെ തലനാരിഴയ്‌ക്കും.
വീട്ടമ്മയെ സുരക്ഷിതമായി പുറത്തെത്തിച്ച ശേഷം നാട്ടുകാരെത്തി പരിശോധിച്ചപ്പോഴും പാമ്പിനെ കണ്ടു. എന്നാല്‍ ആളുകള്‍ വട്ടം കൂടിയതോടെ പാമ്പ് കൗണ്ടറിനകത്ത് കയറിയൊളിച്ചു. മാത്രമല്ല എടിഎം കൗണ്ടറിന്‍റെ വിവിധഭാഗങ്ങൾ അടർത്തിമാറ്റി പരിശോധനകൾ നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനുമായില്ല.
പിന്നീട് ഫോറസ്‌റ്റ് സെക്ഷൻ ഓഫീസിൽ നിന്നും വനപാലക സംഘമെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടുവാനായത്. രാത്രി 10 മണിയോടുകൂടി പിടികൂടിയ പാമ്പിനെ പുലർച്ചെ പെരിയാർ ടൈഗർ റിസർവില്‍ തുറന്നുവിട്ടു. ബീറ്റ് ഫോറസ്‌റ്റ് ഓഫിസർ നിഷാദ് പി.എസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പാമ്പിനെ പിടികൂടിയത്.