Oommen Chandy | ജനനായകന് അന്ത്യാഞ്ജലിയര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ; ജനം തിങ്ങിനിറഞ്ഞ് ദര്‍ബാര്‍ ഹാളും പരിസരവും - ജനം തിങ്ങിനിറഞ്ഞ് ദര്‍ബാര്‍ ഹാളും പരിസരവും
തിരുവനന്തപുരം :ആറ് പതിറ്റാണ്ടിലേറെ നീണ്ട പൊതുപ്രവര്‍ത്തന ജീവിതത്തിന് വിരാമമിട്ട് ജനനായകന്‍ ഉമ്മന്‍ചാണ്ടി മടങ്ങിയപ്പോള്‍ തലസ്ഥാനത്ത് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍. തിങ്ങിനിറഞ്ഞ ദര്‍ബാര്‍ ഹാളില്‍ ജനകീയനായ മുന്‍ മുഖ്യമന്ത്രിക്ക് അന്ത്യാഞ്‌ജലി നേരാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമെത്തി. മന്ത്രിമാരും രാഷ്‌ട്രീയ നേതാക്കളുമുള്‍പ്പടെ നിരവധിപേര്‍ ദര്‍ബാര്‍ ഹാളില്‍ സന്നിഹിതരായിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തിലൂടെ വലിയൊരു അദ്ധ്യായമാണ് കടന്നുപോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തനത്തില്‍ തുടങ്ങിയ ഉമ്മന്‍ചാണ്ടി, ഓരോ കാലഘട്ടത്തിലും വളരെ സജീവമായി രാഷ്ട്രീയ രംഗത്തുണ്ടായിരുന്നു. അന്നത്തെ വിദ്യാര്‍ഥി യുവജന പ്രവര്‍ത്തകനെന്ന നിലയില്‍ വീറും വാശിയും ജീവിതത്തിന്‍റെ അവസാന കാലം വരെ നിലനിര്‍ത്താനും അതിനനുസരിച്ച് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി അനുശോചിച്ചു. എല്ലാ ഘട്ടത്തിലും മനുഷ്യ സ്‌നേഹപരമായ നിലപാട് അദ്ദേഹം സ്വീകരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രീയമായി തുടക്കം മുതല്‍ ഞങ്ങള്‍ രണ്ട് ചേരിയിലായിരുന്നെങ്കിലും ആദ്യം മുതല്‍ തന്നെ വളരെ സൗഹൃദം പുലര്‍ത്തി പോരാന്‍ സാധിച്ചിരുന്നു. പൊതുവേ എല്ലാവരോടും സൗഹൃദം പുലര്‍ത്തുന്ന സമീപനമായിരുന്നു ഉമ്മന്‍ചാണ്ടിക്കുണ്ടായിരുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഇന്നത്തെ സാഹചര്യത്തില്‍ നികത്താനാകാത്ത നഷ്‌ടമാണ് ഉമ്മന്‍ചാണ്ടിയുടെ വിടവിലൂടെ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.