യൂത്ത് കോൺഗ്രസ് കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
Published : Dec 21, 2023, 7:58 PM IST
തിരുവനന്തപുരം:യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകരെ പൊലീസ് മർദിക്കുന്നുവെന്നാരോപിച്ച് ഡിജിപി ഓഫിസിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ മുളക് പൊടിയും മുട്ടയും എറിഞ്ഞു. മാത്യു കുഴൽനാടൻ എംഎൽഎ, കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവിയർ, സംസ്ഥാന വൈസ് പ്രസിഡന്‍റ് ആൻ സെബാസ്റ്റ്യൻ, അമൽ എൽദോസ്, ഹമീദ്, ബൈജു കാസ്ട്രോ തുടങ്ങി നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രതിഷേധത്തനിടെ സിഐടിയു പ്രവര്‍ത്തകന് നേരെയും ആക്രമണമുണ്ടായി. സിഐടിയു പ്രവർത്തകൻ വിഷ്‌ണു വിപിയ്‌ക്കാണ് മര്‍ദനമേറ്റത്. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. ഡിജിപി ഓഫിസിന് മുന്നില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. പ്രതിഷേധിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസുകാരെ കൊണ്ട് തല്ലിച്ച് വീട്ടില്‍ ഇരുത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കരുതേണ്ടെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു. പൊലീസ് മനഃപൂര്‍വ്വം അക്രമം അഴിച്ച് വിട്ട് സമരം അടിച്ചമര്‍ത്തുകയാണെന്നും എംഎല്‍എ ആരോപിച്ചു.