ജീവനക്കാരെ അകത്തുകയറ്റി പൊലീസ്; യുഡിഎഫിന്‍റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം - സെക്രട്ടേറിയറ്റ്
തിരുവനന്തപുരം:യുഡിഎഫിന്‍റെ സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ നേരിയ സംഘർഷം. സെക്രട്ടേറിയറ്റിന്‍റെ നോർത്ത് ഗേറ്റിൽ ആണ് സംഘർഷം ഉണ്ടായത്. സമരം നടക്കുന്ന ഗേറ്റിന് സമീപം സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരെ പൊലീസ് ബാരിക്കേഡിനിടയിലൂടെ അകത്തേക്ക് കടത്തിവിട്ടതാണ് സംഘർഷങ്ങൾക്ക് കാരണം.
പൊലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ ഏറ്റുമുട്ടല്‍ ഉണ്ടായി. സെക്രട്ടേറിയറ്റ് അനക്‌സിന് സമീപം തീർത്ത ബാരിക്കേഡിന് വശത്ത് കൂടി ജീവനക്കാരെ അടക്കം പ്രവേശിപ്പിച്ചത് യുഡിഎഫ് പ്രവർത്തകർ തടഞ്ഞു. ഇവിടെയും പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഒന്നും തള്ളുമുണ്ടായി.
നേരത്തെയുള്ള ധാരണ പ്രകാരം ഒരു ഗേറ്റിലൂടെ ജീവനക്കാർക്ക് പ്രവേശനം അനുവദിക്കാമെന്ന് സമ്മതിച്ചിരുന്നതാണെന്നും എന്നാൽ പൊലീസ് സമരത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നുമാണ് യുഡിഎഫ് പ്രവർത്തകർ ആരോപിക്കുന്നത്. ജീവനക്കാരെ തടയാൻ അനുവദിക്കില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ഇതോടെ അലക്‌സിന് സമീപം തീർത്ത ബാരിക്കേഡിനു മുന്നിലേക്ക് കൂടുതൽ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായെത്തി.
സംഘർഷാവസ്ഥ ഇപ്പോഴും തുടരുകയാണ്. അതേസമയം ബാരിക്കേഡിന് വശത്തുകൂടി സെക്രട്ടേറിയറ്റിനകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച ജീവനക്കാരിക്ക് നേരെ യുഡിഎഫ് പ്രവർത്തകർ പാഞ്ഞടുത്തു. പൊലീസ് ഇടപെട്ടാണ് ജീവനക്കാരിയെ സ്ഥലത്തുനിന്ന് മാറ്റിയത്.
എൽഡിഎഫ്സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കുന്നതിന്‍റെ ആഘോഷ പരിപാടികൾക്കിടെയാണ് ശക്തമായ പ്രതിഷേധ പരിപാടികളുമായി പ്രതിപക്ഷം രംഗത്ത് വന്നിരിക്കുന്നത്. യുഡിഎഫ് പ്രഖ്യാപിച്ച സെക്രട്ടേറിയറ്റ് വളയൽ സമരം ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ കോൺഗ്രസ് പ്രവർത്തകരാണ് സെക്രട്ടേറിയറ്റ് വളയൽ സമരത്തിനായി തലസ്ഥാനത്ത് എത്തിയത്.