രാമനവമി ഘോഷയാത്രയ്‌ക്കിടെ ഹൗറയില്‍ സംഘര്‍ഷം ; 15 പേര്‍ക്ക് പരിക്ക് - latest news in bengal
കൊല്‍ക്കത്ത : രാമനവമി ആഘോഷത്തിനിടെ പശ്ചിമ ബംഗാളില്‍ സംഘര്‍ഷം. 15 പേര്‍ക്ക് പരിക്ക്. ഹൗറയിലെ സന്ധ്യ ബസാറിനടുത്ത് അഞ്ജനി പുത്ര സേനയുടെ രാമനവമി ഘോഷയാത്രയ്ക്ക് നേരെ ആക്രമണമുണ്ടാവുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്‌ച വൈകുന്നേരമാണ് സംഭവം.
ഘോഷയാത്ര സന്ധ്യ ബസാറിൽ എത്തിയപ്പോൾ ബിയർ കുപ്പികളും ഗ്ലാസ് ബോട്ടിലുകളും ജാഥയിലേക്ക് വലിച്ചെറിഞ്ഞതായാണ് പറയപ്പെടുന്നത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷമുണ്ടായി. ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ഇതോടെ പൊലീസ് ലാത്തിവീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്‌തു. സമാധാനപരമായി നടത്തിയ ഘോഷയാത്രയെ ആക്രമിച്ചവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷവും രാമനവമി ഘോഷയാത്രയ്ക്കിടെ ഇവിടെ സംഘര്‍ഷമുണ്ടായിട്ടുണ്ട്.
സമാധാനപരമായാണ് ഘോഷയാത്ര നടത്തുകയെന്ന് നേരത്തെ ജില്ല ഭരണകൂടത്തെയും പൊലീസിനെയും അറിയിച്ചിരുന്നെന്ന് അഞ്ജനി പുത്ര സേന സ്ഥാപക സെക്രട്ടറി സുരേന്ദ്ര ബാബ പറഞ്ഞു. എന്നാല്‍ ഘോഷയാത്ര സന്ധ്യ ബസാര്‍ മേഖലയിലേക്ക് പ്രവേശിച്ചതോടെ ജാഥയ്‌ക്ക് നേരെ ആക്രമണമുണ്ടാവുകയായിരുന്നു. സംഭവത്തില്‍ പൊലീസ് ഉടനടി നടപടിയെടുക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷവും അഞ്ജനി പുത്ര സേനയുടെയും വിശ്വഹിന്ദു പരിഷത്തിന്‍റെയും ഘോഷയാത്രയ്ക്കുനേരെ ഇവിടെവച്ച് ഇഷ്‌ടികകളും ഗ്ലാസ് ബോട്ടിലുകളും എറിഞ്ഞിരുന്നുവെന്നും സംഘം ആരോപിച്ചു.