Idukki | തൊടുപുഴ സ്റ്റാൻഡിൽ ബസ് ജീവനക്കാരുടെ ഗുണ്ടായിസം പതിവ് ; തർക്കത്തിനിടെ ഡ്രൈവറുടെ തലയ്‌ക്ക് പരിക്ക് - ബസ് ജീവനക്കാരുടെ സംഘർഷം
ഇടുക്കി : തൊടുപുഴ മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരുടെ അടിപിടിയും പരാക്രമവും പതിവാകുന്നു. ബസ് സമയക്രമം പാലിച്ചില്ലെന്നും മറ്റ് കാരണങ്ങളും പറഞ്ഞ് യാത്രക്കാരുടെ മുന്നിൽവച്ച് ബസ് ജീവനക്കാർ പരസ്‌പരം നടത്തുന്ന പോർവിളിയും അസഭ്യവർഷവും കയ്യാങ്കളിയും സ്ഥിരം കാഴ്‌ചയാണ്. ഇതുമൂലം സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള സാധാരണ യാത്രക്കാരാണ് ബുദ്ധിമുട്ടുന്നത്.
ബസ് സ്റ്റാൻഡിൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടായാൽ കൈകാര്യം ചെയ്യാൻ പൊലീസ് ഔട്ട്പോസ്റ്റ് ഉണ്ട്. എന്നാൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ മാത്രമാണ് സാധാരണ ഇവിടെ ഡ്യൂട്ടിക്കുള്ളത്. ഇത് സംഘർഷങ്ങളുണ്ടായാൽ നടപടിയെടുക്കുന്നത് വൈകാൻ കാരണമാകുന്നു.
വെള്ളിയാഴ്‌ച (ജൂൺ 23) വൈകുന്നേരം ഓവർടേക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിൽ ബസ് ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റിരുന്നു. തൊടുപുഴ - ചെപ്പുകുളം റോഡിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവർ റോബിനാണ് തലയ്‌ക്ക് പരിക്കേറ്റത്. തൊടുപുഴ-മുവാറ്റുപുഴ റോഡിൽ സർവീസ് നടത്തുന്ന തച്ചുപറമ്പൻ ബസിലെ ജീവനക്കാർ ആക്രമിച്ചത്.
മോർ ജംഗ്‌ഷനിൽ വച്ചുണ്ടായ ഓവർടേക്കിങ്ങിനെ സംബന്ധിച്ചുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ബസ് സ്റ്റാന്‍റിലെത്തിയശേഷം തച്ചുപറമ്പൻ ബസിലെ ജീവനക്കാരായ സലാം, സുഭാഷ് എന്നിവർ ടിക്കറ്റ് മെഷീൻ കൊണ്ട് റോബിനെ ആക്രമിക്കുകയായിരുന്നു. മറ്റ് ജീവനക്കാർ ഇവരെ തടയാൻ ശ്രമിച്ചെങ്കിലും ഇവർ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയായിരുന്നു. തുടർന്ന് എയ്‌ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥൻ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി പ്രതികളെ അറസ്‌റ്റ് ചെയ്‌തു.
സ്ത്രീകളും കുട്ടികളുമടക്കം നിരവധി യാത്രക്കാർ വന്നുപോകുന്ന തൊടുപുഴ മുൻസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ചില റൂട്ടുകളിൽ ഓടുന്ന ഏതാനും ബസുകളിലെ ജീവനക്കാരാണ് പതിവായി പ്രശ്‌നം ഉണ്ടാക്കുന്നതെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. ഇത്തരത്തിലുള്ള പലരും ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണെന്നും നാട്ടുകാരും ബസ് ജീവനക്കാരും ആരോപിച്ചു. സ്ഥിരമായി പ്രശ്‌നങ്ങളുണ്ടാക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കൽ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാന ആവശ്യം.