'എടുത്തിട്ട് പോയില്ലെങ്കിൽ ചവിട്ടിപ്പൊളിക്കും'; മകന്‍റെ ജാമ്യത്തിനെത്തിയ അമ്മയ്‌ക്കെതിരെ സിഐയുടെ അസഭ്യവര്‍ഷം
കണ്ണൂര്‍:ധർമടത്ത് മകനെ ജാമ്യത്തിലെടുക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ അമ്മയ്‌ക്ക് നേരെ സിഐയുടെ അസഭ്യവര്‍ഷം. ധര്‍മടം പൊലീസ് കസ്‌റ്റഡിയിലെടുത്ത അനില്‍കുമാറിനെ ജാമ്യത്തില്‍ ഇറക്കുന്നതിനായി പൊലീസ് സ്‌റ്റേഷനിലെത്തിയ അമ്മയ്ക്കും സഹോദരനും എതിരെയാണ് സിഐ അപമര്യാദയായി പെരുമാറിയത്. സംഭവം വിവാദമായതോടെ ധര്‍മടം സിഐ സ്‌മിതേഷിനെ സസ്‌പൻഡ് ചെയ്‌തു.
എടുത്തിട്ട് പോയില്ലെങ്കിൽ ചവിട്ടി എല്ലാത്തിനെയും പൊളിക്കുമെന്ന് പറയുന്ന സിഐയെ സഹപ്രവർത്തകരായ പൊലീസുകാർ പിടിച്ചുമാറ്റുന്നുണ്ട്. അമ്മ ഹൃദ്രോഗിയാണെന്ന് പറഞ്ഞെങ്കിലും സിഐ ഇത് പരിഗണിക്കാത്തത് വീഡിയോയിൽ കാണാം. സ്റ്റേഷനിലെത്തിയ സ്ത്രീയെ ഇയാള്‍ തള്ളിയിട്ടതായും ലാത്തികൊണ്ട് അടിച്ചതായും പരാതിയിൽ പറയുന്നു.
സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സിഐക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഒരു വാഹനത്തില്‍ തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ശനിയാഴ്‌ച രാത്രിയിൽ അനില്‍കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ജാമ്യത്തിലെടുക്കാനാണ് അനിൽ കുമാറിന്‍റെ സഹോദരനും അമ്മയും സ്റ്റേഷനിൽ എത്തിയത്. അനില്‍കുമാറിന്‍റെ അമ്മയെ ഇയാള്‍ പരാക്രമണത്തിനിടെ പിടിച്ചുനിലത്തേക്ക് തള്ളിയിട്ടതായും ഇവർ ആരോപിക്കുന്നു.
അമ്മ നിലത്തുവീണ് കിടക്കുന്ന സമയത്ത് എഴുന്നേറ്റുപോകാന്‍ ആവശ്യപ്പെട്ട് ഇയാള്‍ ആക്രോശിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. സ്‌റ്റേഷനിലെ വനിത പൊലീസ് അടക്കമുള്ളവര്‍ ഇയാളെ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സ്‌മിതേഷ് വഴങ്ങിയില്ല.