അരിക്കൊമ്പനെ 'കാടുകടത്തി'യതിൽ ചിന്നക്കനാല്‍, ശാന്തന്‍പാറ നിവാസികള്‍ക്ക് ആശ്വാസം - ചിന്നക്കനാൽ അരിക്കൊമ്പൻ ദൗത്യം
ഇടുക്കി : അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയതോടെ ചിന്നക്കനാല്‍, ശാന്തന്‍പാറ നിവാസികള്‍ക്ക് ആശ്വാസം. വനം വകുപ്പ് തളച്ചത് മതികെട്ടാന്‍ ചോലയിലെ ഏറ്റവും അപകടകാരിയായ കാട്ടാനയെയാണെന്നും മേഖലയിലെ കാട്ടാന ആക്രമണങ്ങൾ ഒരു പരിധി വരെ കുറയുമെന്നുമാണ് പ്രതീക്ഷയെന്നും പ്രദേശവാസികൾ പറയുന്നു. അരിക്കൊമ്പന്‍, ചക്കകൊമ്പന്‍, മൊട്ടവാലന്‍, ചില്ലിക്കൊമ്പന്‍ രണ്ടാമന്‍ എന്നിങ്ങനെ നീളുന്നതാണ് മതികെട്ടാന്‍ ചോലയിലെ കാട്ടുകൊമ്പന്‍മാരുടെ നിര.
എല്ലാവരും അപകടകാരികളാണ്. ഇവര്‍ക്കൊപ്പം അപകടകാരികളായ പിടിയാനകളുമുണ്ട്. ചിന്നക്കനാലിലും ശാന്തന്‍പാറയിലും ഇവ വിതച്ച നാശത്തിന് കണക്കില്ല. എറ്റവും അപകടകാരി അരിക്കൊമ്പനായിരുന്നു. എല്ലാ ദിവസവും നാട്ടിലിറങ്ങുന്ന കാട്ടുകൊമ്പൻ. 180ലേറെ വീടുകളാണ് നശിപ്പിച്ചിട്ടുള്ളത്.
പന്നിയാര്‍, ആനയിറങ്കല്‍ തുടങ്ങിയ മേഖലകളിലെ റേഷന്‍ കടകള്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങള്‍ക്ക് കണക്കില്ല. 11 ജീവനുകളാണ് അരിക്കൊമ്പന്‍റെ ആക്രമണത്തില്‍ നഷ്‌ടമായതെന്നാണ് അനൗദ്യോഗിക കണക്ക്. 35 വയസിലേറെ പ്രായമുള്ള അരിക്കൊമ്പനായിരുന്നു മതികെട്ടാന്‍ ചോലയിലെ ആനക്കൂട്ടത്തിലെ പ്രധാനി.
ഉയര്‍ന്ന മസ്‌തകവും നീളംകുറഞ്ഞ കൂര്‍ത്ത കൊമ്പുകളും നീളമേറിയ തുമ്പികൈയുമുള്ള മതികെട്ടാനിലെ ഏറ്റവും ശക്തനായ ആന. സ്ഥിരമായി നാട്ടിലിറങ്ങുന്ന ആനയെ ഇവിടെ നിന്നും മാറ്റിയതോടെ മറ്റ് ആനകളുടെയും ശല്യം കുറയുമെന്നാണ് നാട്ടുകാരുടെയും വനം വകുപ്പിന്‍റെയും പ്രതീക്ഷ.