ഭൂമിയിലും സ്വര്‍ഗത്തിലും അല്ല, വിവാഹം 'ആകാശത്ത്' ; മകളുടെ കല്യാണത്തിന് സര്‍പ്രൈസ് ഒരുക്കി പിതാവ്, താലി ചാര്‍ത്തിയത് ബലൂണില്‍ പറന്ന്
റായ്‌പൂര്‍ (ഛത്തീസ്‌ഗഡ്): ജനക്കൂട്ടത്തെ സാക്ഷിയാക്കി ആകാശത്ത് വച്ച് താലിചാര്‍ത്തി വ്യത്യസ്‌തരായി ഛത്തീസ്‌ഗഡ് സ്വദേശികള്‍. മംഗല്യ ഹാരം കൈമാറാന്‍ ഇവര്‍ തെരഞ്ഞെടുത്തതാവട്ടെ ഹോട്ട് എയര്‍ ബലൂണും. ഛത്തീസ്‌ഗഡിലെ ഭിലായ് സെക്‌ടര്‍ സെവനിലാണ് കൗതുകമാര്‍ന്ന വിവാഹം നടന്നത്. ഇന്നലെ രാത്രിയാണ്, സുപേല മാര്‍ക്കറ്റിലെ വ്യവസായി അവദേശ് പാണ്ഡെയുടെ മകള്‍ പ്രീതിയും ദുര്‍ഗിലുള്ള ദീനബന്ധു തിവാരിയുടെ മകന്‍ രവിയും തമ്മിലുള്ള വിവാഹം ആകാശത്ത് വച്ച് നടന്നത്. ഇവര്‍ക്ക് മംഗളാശംസകളുമായി ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പം ചേര്‍ന്നു. വിവാഹത്തിന് മുമ്പുള്ള പൂജകളും മറ്റുമെല്ലാം അരങ്ങേറിയത് വീടിന് മുന്നില്‍ വച്ച് തന്നെയായിരുന്നു. തുടര്‍ന്ന് താലി ചാര്‍ത്തേണ്ടതിന് മുന്നോടിയായി ഇരുവരെയും എയര്‍ ബലൂണിലേക്ക് കയറ്റി. ഒടുക്കം മേഘങ്ങളെ സാക്ഷിയാക്കിയുള്ള താലി ചാര്‍ത്തല്‍. ആകാശത്ത് വലംവച്ച് തിരിച്ച് ഭൂമിക്ക് 100 മീറ്റര്‍ മാത്രം അടുത്തെത്തിയപ്പോള്‍ തന്നെ ബന്ധുക്കളും സുഹൃത്തുക്കളും കൊട്ടും കുരവയുമായി നവദമ്പതികളെ സ്വാഗതം ചെയ്‌തു. എന്തിരുന്നാലും വേറിട്ട ഈ വിവാഹത്തില്‍ നവദമ്പതികള്‍ ഏറെ സന്തോഷത്തിലാണ്. വധുവിന്‍റെ അച്ഛന്‍ അവദേശ് പാണ്ഡെയാണ് മകളുടെ വിവാഹം എന്നെന്നും ഓര്‍ത്തുവയ്‌ക്കാവുന്ന തരത്തില്‍ സുന്ദരമാക്കണമെന്ന ചിന്തയില്‍ ഈ 'ആകാശക്കല്ല്യാണം' സാക്ഷാത്കരിച്ചത്.
Last Updated : Feb 3, 2023, 8:33 PM IST