'ആക്രമണത്തിന് കോരപ്പുഴ തെരഞ്ഞെടുക്കണമെങ്കിൽ അക്രമിക്ക് കൃത്യമായ ഉദ്ദേശം' : പ്രതികരണവുമായി വാർഡ് മെമ്പർമാർ - ട്രെയിനിൽ തീവയ്‌പ്പ് ഏറ്റവും പുതിയ വാർത്ത
കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിലെ തീവയ്‌പ്പിൽ പ്രതികരണവുമായി ചേമഞ്ചേരി പഞ്ചായത്തിലെ വാർഡ് മെമ്പർമാരായ രാജലക്ഷ്‌മിയും റസീനയും. ആസൂത്രിതമായ ആക്രമണമാണ് ഉണ്ടായത്. പെട്രോൾ കൈയിൽ കരുതിയത് അക്രമണം നടത്തണമെന്ന ഉദ്ദേശത്തോടെയാണെന്നും മെമ്പർമാർ പറഞ്ഞു.
ആക്രമണത്തിന് കോരപ്പുഴ തന്നെ തെരഞ്ഞെടുക്കണമെങ്കിൽ കൃത്യമായ ഉദ്ദേശം ഉണ്ടെന്നും ആക്രമണത്തിന് ശേഷം അക്രമിക്ക് പല ഭാഗത്തേക്കും രക്ഷപ്പെടാനുള്ള വഴി കണ്ടെത്താമെന്നും ഉള്ളതു കൊണ്ടാകാം ഈ പ്രദേശം തന്നെ തെരഞ്ഞെടുത്തതെന്നും ഇവര്‍ കൂട്ടിച്ചേർത്തു.
ഇന്നലെ രാത്രിയോടെയാണ് അജ്ഞാതനായ ഒരാൾ കോഴിക്കോട് ഓടുന്ന ട്രെയിനിൽ സഹയാത്രികരുടെ മേൽ പെട്രോൾ ഒഴിച്ച ശേഷം തീകൊളുത്തിയത്. ആക്രമണത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നാലെ റെയിൽവേ ട്രാക്കിൽ നിന്ന് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തി. മട്ടന്നൂർ സ്വദേശി റഹ്‌മത്ത് (43), ഇവരുടെ അനുജത്തിയുടെ മകൾ സഹറ (രണ്ട്), നൗഫീഖ് (41) എന്നിവരാണ് മരിച്ചത്. ട്രെയിനിൽ തീ പടർന്നപ്പോൾ പരിഭ്രാന്തരായി പ്രാണരക്ഷാർഥം ചാടിയവരാകാം മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കോഴിക്കോട് നിന്നും ട്രെയിൻ പുറപ്പെട്ട് എലത്തൂർ സ്റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയിൽ വച്ചാണ് അക്രമി ട്രെയിനിൽ തീവച്ചത്. തീപടർന്നതോടെ യാത്രക്കാരിൽ ഒരാൾ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. ഇതോടെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമിയുടേതെന്ന് കരുതുന്ന ബാഗ് റെയിൽവേ ട്രാക്കിൽ നിന്ന് ലഭിച്ചു. സംഭവത്തിൽ പ്രതിക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി.