ചാണിയടി ; പരസ്‌പരം ചാണകം വാരിയെറിഞ്ഞ് ആഘോഷവുമായി തെന്നിന്ത്യന്‍ ഗ്രാമം - വീഡിയോ - ചാണകം പരസ്‌പരം എറിയുന്ന ഉത്സവം
Published : Nov 16, 2023, 9:11 PM IST
ഈറോഡ്:ഹിന്ദു കലണ്ടര്‍ പ്രകാരമുള്ള കാര്‍ത്തിക മാസത്തിലെ ദീപാവലിയോടനുബന്ധിച്ച് വേറിട്ട പല ആഘോഷങ്ങളാണ് തെന്നിന്ത്യയിലൊട്ടാകെ അരങ്ങേറുന്നത്. പല അനുഷ്‌ഠാനങ്ങളും ഏറെ കൗതുകകരവുമാണ്. അത്തരത്തില്‍ തമിഴ്‌നാട്, അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന തലവടി കുമിതപുരം ഗ്രാമത്തില്‍ നടക്കുന്ന ആഘോഷമാണ് ചാണിയടി (Chaniyadi festival Erode). ഗ്രാമത്തിലെ 300 വര്‍ഷം പഴക്കമുള്ള ഭീരേശ്വര ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തിക്കായി പുരുഷന്മാര്‍ പരസ്‌പരം ചാണകം വാരിയെറിഞ്ഞാണ് ചാണിയടി ആഘോഷിക്കുക. ദീപാവലി കഴിഞ്ഞ് മൂന്ന് ദിനങ്ങള്‍ക്കിപ്പുറമാണ് ആഘോഷം. ഇത്തവണത്തെ ഉത്സവം ബുധനാഴ്‌ചയാണ് (നവംബര്‍ 15) അരങ്ങേറിയത്. ആഘോഷത്തിന്‍റെ ഭാഗമായി വന്‍തോതില്‍ ചാണകം കൂട്ടിയിട്ട മൈതാനിയില്‍ ആളുകള്‍ ഒത്തുകൂടി. തുടര്‍ന്ന് നേരെ ഘോഷയാത്രയായി ക്ഷേത്രക്കുളത്തിലേക്ക്. കുളി കഴിഞ്ഞെത്തി കൂട്ടിയിട്ട ചാണകത്തിന് മുന്നിലെത്തി പ്രത്യേക പൂജകള്‍ നടത്തും. തുടര്‍ന്നാണ് പരസ്‌പരം ഇത് വാരിയെറിയുക. ആഘോഷം നേരില്‍ കാണാനും പൂജകളുടെ ഭാഗമാവാനും സ്‌ത്രീകളും കുട്ടികളുമെത്താറുണ്ട്. രോഗമുക്തമായ ജീവിതത്തിനും കൃഷിക്ക് സമൃദ്ധമായ മഴ ലഭിക്കുന്നതിനും തങ്ങളുടെ കന്നുകാലികളെ വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഈ ആഘോഷമെന്നാണ് വിശ്വാസം.