Chandy Oommen Visited Sathiamma : സതിയമ്മയോട് കാട്ടിയത് അവകാശ ലംഘനം, ഇത് ജനാധിപത്യത്തിന് ഭൂഷണമല്ല : ചാണ്ടി ഉമ്മൻ
Published : Aug 23, 2023, 10:30 AM IST
കോട്ടയം:മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രശംസിച്ച് പറഞ്ഞതിന് സതിയമ്മയെ (Sathiamma) ജോലിയിൽ നിന്ന് പിരിച്ചുവിട്ട നടപടി അവകാശ ലംഘനമാണെന്ന് ചാണ്ടി ഉമ്മൻ (Chandy Oommen). സ്വതന്ത്രമായി സംസാരിച്ചതിന്‍റെ പേരിൽ പ്രതികാരം ചെയ്‌തത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും യുഡിഎഫ് സ്ഥാനാർഥി (UDF Candidate) ചൂണ്ടിക്കാട്ടി. സതിയമ്മയെ വീട്ടിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം (Chandy Oommen Visited Sathiamma). ഉമ്മൻ ചാണ്ടിയോടുള്ള വിരോധം തുടർന്നോളൂ. എന്നാൽ അദ്ദേഹത്തെ സ്‌നേഹിക്കുന്നവരെ വേട്ടയാടരുത്. സർക്കാർ ഇക്കാര്യത്തിൽ പുനരാലോചിക്കണം. സതിയമ്മയെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. അതേസമയം, സതിയമ്മ ആൾമാറാട്ടം നടത്തി എന്നത് ആരോപണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ പുറത്തുവിട്ടെന്ന് പറയുന്ന രേഖകൾ ഇന്നലെ വരെ എവിടെ ആയിരുന്നെന്ന് ചോദിച്ച ചാണ്ടി ഉമ്മൻ, തെരഞ്ഞെടുപ്പായതിനാൽ മുഖം രക്ഷിക്കാനാണ് സർക്കാർ ഇത്തരം ആരോപണങ്ങൾ അഴിച്ച് വിടുന്നതെന്നും ആരോപിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് (Puthuppally Byelection) ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മുൻ മുഖ്യമന്ത്രിയെ പുകഴ്‌ത്തിപ്പറഞ്ഞതിന് മൃഗാശുപത്രിയിലെ താത്‌കാലിക ജീവനക്കാരിയെ പുറത്താക്കിയതായി പരാതി ഉയർന്നത്.