Chandy Oommen On Puthuppally ByPoll : വിജയം യുഡിഎഫിന്, എന്തെല്ലാം നുണക്കഥകള്‍ പ്രചരിപ്പിച്ചാലും സത്യം മറനീക്കും : ചാണ്ടി ഉമ്മന്‍ - യുഡിഎഫ്
Published : Sep 6, 2023, 12:17 PM IST
കോട്ടയം :പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്ന് സ്ഥാനാർഥി ചാണ്ടി ഉമ്മൻ (Chandy Oommen On Puthuppally ByPoll). പുതുപ്പള്ളിയില്‍ ജനം വിധി എഴുതിക്കഴിഞ്ഞെന്നും അതിനാലാണ് യുഡിഎഫ് വിജയിക്കുമെന്ന് പറയുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. പലർക്കും ഇന്നലെ വോട്ട് ചെയ്യാനാകാതെ പോയി. സാങ്കേതികത്വം പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ല ചെയ്യേണ്ടത്. മനുഷ്യത്വമാണ് ആവശ്യം. സാങ്കേതികത്വത്തിനപ്പുറം ജനങ്ങളുടെ ബുദ്ധിമുട്ടാണ് തനിക്ക് പ്രശ്‌നമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. വോട്ട് രേഖപ്പെടുത്തുന്നതിൽ നിന്ന് ചിലരെ തടയാൻ സംഘടിത നീക്കം നടന്നോ എന്ന് സംശയമുണ്ട്. നേരത്തേ തന്‍റെ പിതാവിനെതിരെ ഗുരുതര ആക്ഷേപങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ ഇപ്പോഴത്തെ ആരോപണങ്ങളില്‍ വേദനയില്ലെന്നും അദ്ദേഹം പറഞ്ഞു. അന്തിമ വിജയം സത്യത്തിനാണ്. ഒമ്പതുവര്‍ഷം നുണ പ്രചരിപ്പിച്ചിട്ട് ഒടുവില്‍ സത്യം കോടതിക്ക് ബോധ്യമായില്ലേ. താനും പിസി വിഷ്‌ണുനാഥും ദുബായില്‍ പോയതിനെ വളച്ചൊടിച്ച് സിപിഎമ്മിന്‍റെ മുഖപത്രം വാര്‍ത്ത ഇറക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം എത്ര ഭൂരിപക്ഷം നേടുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ചാണ്ടി ഉമ്മന്‍ വ്യക്തമായ മറുപടി നല്‍കിയില്ല.