കേരളം

kerala

കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ഗതാഗതം തടസം സൃഷ്‌ടിച്ച് ചക്കക്കൊമ്പന്‍; ആക്രമണം വഴിയോരകച്ചവട കേന്ദ്രത്തിന് നേരെ

ETV Bharat / videos

ഇനി ചക്കക്കൊമ്പന്‍റെ ഊഴം; ആനയിറങ്കലിന് സമീപം ഗതാഗതം തടഞ്ഞ് കട പൊളിച്ച് പരാക്രമം - ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത

By

Published : Jun 9, 2023, 1:44 PM IST

ഇടുക്കി:കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ആനയിറങ്കലിന് സമീപം റോഡിലിറങ്ങിയ ചക്കക്കൊമ്പന്‍ ഒരു മണിക്കൂറോളം സമയം ഗതാഗതം തടഞ്ഞു. ബുധനാഴ്‌ച രാത്രി 10 മണിക്കാണ് സംഭവം. റോഡില്‍ കൂടി നടന്ന ഒറ്റയാന്‍ ഒരു വഴിയോരകച്ചവട കേന്ദ്രം തള്ളി വീഴ്ത്തി.  

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ബഹളം വച്ച് ചക്കക്കൊമ്പനെ തുരത്തിയ ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുന:സ്ഥാപിച്ചത്. കഴിഞ്ഞ മാസം 23ന് രാത്രി ഇതേ റോഡില്‍ ചൂണ്ടലിന് സമീപം വച്ച് ചക്കക്കൊമ്പന്‍റെ ദേഹത്ത് കാര്‍ ഇടിച്ച് കാര്‍ യാത്രികന് പരിക്കേറ്റിരുന്നു. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മാറ്റിയതിന് ശേഷം ചക്കക്കൊമ്പന്‍ ജനവാസ മേഖലയിലിറങ്ങുന്നത് പതിവായെന്ന് നാട്ടുകാര്‍ പറയുന്നു.

ജില്ലയില്‍ ഏറ്റവുമധികം വാഹനങ്ങളും യാത്രക്കാരും കാട്ടാനയാക്രമണങ്ങള്‍ക്ക് ഇരയായിട്ടുള്ളത് കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള 40 കിലോമീറ്റര്‍ ഭാഗത്താണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ പ്രശ്‌നങ്ങളെല്ലാം മുന്നില്‍ കണ്ട് ദേശീയപാത നിര്‍മിക്കുമ്പോള്‍ വന്യജീവിയാക്രമണങ്ങള്‍ നിയന്ത്രിക്കാനായി വനം വകുപ്പ് പല പദ്ധതികളും മുന്നോട്ടു വയ്ക്കുകയും ദേശീയപാത വിഭാഗം ഇതിനുള്ള പണം അനുവദിക്കുകയും ചെയ്‌തു. പക്ഷേ ദേശീയപാത നിര്‍മാണം പൂര്‍ത്തിയായിട്ടും വനം വകുപ്പ് ആവിഷ്‌കരിച്ച പദ്ധതികളൊന്നും നടപ്പായില്ല.  

പദ്ധതി നിര്‍വഹണ ചുമതലയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ഇതിന് കാരണം. സൂചന ബോര്‍ഡുകള്‍, തെരുവ് വിളക്കുകള്‍ എന്നിവ സ്ഥാപിക്കാനായി 40 ലക്ഷം രൂപയാണ് ദേശീയപാത വിഭാഗം വനം വകുപ്പിന് മുന്‍കൂറായി കൈമാറിയത്. സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കാന്‍ 13 ലക്ഷത്തിലധികം രൂപയും നല്‍കി.  

 ദ്രുതപ്രതികരണ സേനയെ ശക്തിപ്പെടുത്താനും വാഹനം ഉള്‍പെടെയുള്ള സൗകര്യങ്ങളൊരുക്കാനും 25 ലക്ഷം രൂപയും അനുവദിച്ചു. പക്ഷേ വനം വകുപ്പ് അക്കൗണ്ടില്‍ കുരുങ്ങി കിടക്കുന്ന പണം സമയബന്ധിതമായി ചെലവഴിക്കാനോ പദ്ധതി പൂര്‍ത്തിയാക്കാനോ യാതൊരു ഇടപെടലുകളുമുണ്ടായിട്ടില്ല.

ABOUT THE AUTHOR

...view details