കേരളം

kerala

അനുയായികളുടെ ആഘോഷ പ്രകടനം

ETV Bharat / videos

പാലഭിഷേകം, നെഞ്ചില്‍ ടാറ്റൂ ; സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന വിവരത്തിന് പിന്നാലെ വസതിക്കുമുന്നില്‍ ആഘോഷവുമായി അനുയായികള്‍

By

Published : May 17, 2023, 4:29 PM IST

Updated : May 17, 2023, 6:04 PM IST

ന്യൂഡല്‍ഹി/ബെംഗളൂരു :  നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയ കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന വിവരത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ അദ്ദേഹത്തിന്‍റെ വസതിക്ക് മുന്നില്‍ തടിച്ചുകൂടി അനുയായികള്‍. സിദ്ധരാമയ്യയുടെ ഫ്ളക്‌സില്‍ അണികള്‍ പാലഭിഷേകം നടത്തി. അതേസമയം സിദ്ധരാമയ്യയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് മുദ്രാവാക്യങ്ങളുമായി അണിനിരന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരിലൊരാളുടെ നെഞ്ചില്‍ അദ്ദേഹത്തിന്‍റെ ടാറ്റൂ ഉണ്ടായിരുന്നു. 

മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകളുമായി ബന്ധപ്പെട്ട് തിങ്കളാഴ്‌ച മുതല്‍ സിദ്ധരാമയ്യ ഡല്‍ഹിയിലുണ്ട്. ചൊവ്വാഴ്‌ച അദ്ദേഹം കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ വസതിയില്‍ സന്ദര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന്, മൂന്ന് ദിവസമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഹൈക്കമാന്‍ഡ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇന്നോ നാളെയോ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല അറിയിച്ചിട്ടുണ്ട്. 

മുഖ്യമന്ത്രി സ്ഥാനത്തിനായി കടുത്ത മത്സരം : കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കടുത്ത മത്സരമാണ് സിദ്ധരാമയ്യ പക്ഷവും ഡികെ ശിവകുമാര്‍ പക്ഷവും തമ്മില്‍ തുടരുന്നത്. മുഖ്യമന്ത്രി പദവിക്കായുള്ള പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഡികെ ശിവകുമാറിന്‍റെ നിലപാട്. അദ്ദേഹം ഇക്കാര്യം എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ധരിപ്പിച്ചതായും വിവരമുണ്ട്. എന്നാല്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയാണെങ്കില്‍ അദ്ദേഹത്തിനെതിരെ പ്രവര്‍ത്തിക്കില്ലെന്നും ഡികെ ശിവകുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള മുറവിളിക്ക് തുടക്കമിട്ടത് യതീന്ദ്ര : കടുത്ത തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ശേഷം മെയ്‌ 13നാണ് കര്‍ണാടകയില്‍ വോട്ടെണ്ണല്‍ നടന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കവെ, സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന് ഉറപ്പായതോടെ സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര തന്‍റെ പിതാവ് മുഖ്യമന്ത്രി പദത്തിലെത്തുമെന്ന് ട്വീറ്റ് ചെയ്‌ത് രംഗത്തെത്തിയിരുന്നു. ഇതാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് എന്ന ചോദ്യത്തിലേക്ക് ജനശ്രദ്ധയെ നയിച്ചത്. തൊട്ടടുത്ത ദിവസം ബെംഗളൂരു നഗരത്തിന്‍റെ വിവിധയിടങ്ങളില്‍ സിദ്ധരാമയ്യയെയും ഡികെ ശിവകുമാറിനെയും പിന്തുണയ്‌ക്കുന്ന ബാനറുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.  

കര്‍ണാടകയില്‍ സിദ്ധരാമയ്യ ഇത് രണ്ടാം തവണ :  2013 മുതല്‍ 2018 വരെയുള്ള കാലയളവില്‍ കര്‍ണാടകയിലെ മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയ്‌ക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമാണുള്ളത്. ഡികെ ശിവകുമാറിനെ അപേക്ഷിച്ച് അദ്ദേഹത്തിന് ജന പിന്തുണയേറെയാണ്. എംഎല്‍എമാര്‍ക്കിടയിലും സിദ്ധരാമയ്യയെ അനുകൂലിക്കുന്നവരാണ് കൂടുതല്‍.

ബിജെപിയിലേക്കുള്ള വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിച്ച് ഡികെ :ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുണ്ടായിരുന്ന വോട്ടുകള്‍ കോണ്‍ഗ്രസിന് നേടാനായത് ഡികെ ശിവകുമാറിന്‍റെ കഠിനാധ്വാനത്തിന്‍റെ ഫലമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട നിരവധി പേരെ കോണ്‍ഗ്രസിലേക്ക് എത്തിക്കാനായതും ഡികെയുടെ മികവായി. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറിനെയും തെരഞ്ഞെടുക്കാമെന്നായിരുന്നു ഹൈക്കമാന്‍ഡ് തീരുമാനം. എന്നാല്‍  ഉപമുഖ്യമന്ത്രിയാകാന്‍ താത്പര്യമില്ലെന്ന് ഡികെ ശിവകുമാര്‍ അറിയിച്ചതായാണ് വിവരം. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി തുടരാമെന്ന നിലപാടിലാണ് അദ്ദേഹം. വിഷയത്തില്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 

also read:വീണ്ടും നാടകം, കർണാടക മുഖ്യനില്‍ തീരുമാനം ആയില്ലെന്ന് കോൺഗ്രസ്, എല്ലാം രണ്ട് ദിവസത്തിനകമെന്നും വിശദീകരണം

Last Updated : May 17, 2023, 6:04 PM IST

ABOUT THE AUTHOR

...view details