VIDEO: 'പൊടുന്നനെ പൊട്ടിത്തെറി, ഓടി മാറി ജനങ്ങൾ'; അമൃത്‌സർ സ്‌ഫോടനത്തിന്‍റെ ദൃശ്യങ്ങൾ - AMRITSAR BLAST
അമൃത്‌സർ: പഞ്ചാബ് അമൃത്‌സർ സുവർണ ക്ഷേത്രത്തിന് സമീപം നടന്ന സ്‌ഫോടനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ജനത്തിരക്കേറിയ പ്രദേശത്ത് പൊടുന്നനെ പൊട്ടിത്തെറി ഉണ്ടാകുന്നതും ആളുകൾ ഓടിമാറുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ശനിയാഴ്‌ച രാത്രിയിലാണ് സാരാഗർഹി പാർക്കിങ് ഏരിയക്ക് സമീപം അപകടമുണ്ടായത്.
അതേസമയം പ്രദേശത്തുണ്ടായത് ബോംബ് സ്‌ഫോടനമല്ലെന്നും അവിടെയുണ്ടായിരുന്ന ഭക്ഷണശാലയുടെ ചിമ്മിനി പൊട്ടിത്തെറിച്ചതാണെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഛത്തീസ്‌ഗഡിൽ നിന്നെത്തിയ ഫോറൻസിക് സംഘം ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തിയെന്നും ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട ഒരു വസ്‌തുവും പ്രദേശത്ത് നിന്ന് കണ്ടെത്താനായില്ലെന്നും പൊലീസ് അറിയിച്ചു.
പാർക്കിങ് ഏരിയക്ക് സമീപം ഒരു ഭക്ഷണശാല പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ഉപയോഗിക്കുന്ന ചിമ്മിനി ചൂടാകുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഭക്ഷണശാലയുടെ ജനൽ ചില്ലുകൾ ഉൾപ്പെടെ തകരുകയും അവ അടുത്തുണ്ടായിരുന്ന ജനങ്ങളുടെ ദേഹത്തേക്ക് കുത്തിക്കയറുകയുമായിരുന്നു, ഡിസിപി പർമീന്ദർ സിംഗ് ഭണ്ഡൽ പറഞ്ഞു.
അതേസമയം ഇതിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും പരിക്കേറ്റവരെല്ലാം പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം വീടുകളിലേക്ക് മടങ്ങിയതായും ഡിസിപി കൂട്ടിച്ചേർത്തു.