വള്ളിച്ചെടിയിലെ മഞ്ഞപ്പൂ വസന്തം ; അഫ്‌സലിന്‍റെ വീടിനുചുറ്റും പൂത്തുലഞ്ഞ് ക്യാറ്റ്സ് ക്ലോ
ഇടുക്കി : വീടിന് ചുറ്റും മഞ്ഞ വസന്തമൊരുക്കി പൂത്തുലഞ്ഞ് ക്യാറ്റ്സ് ക്ലോ ചെടി. വീടിൻ്റെ മതിലിൽ പടർന്ന് പന്തലിച്ച വള്ളിച്ചെടിയിലെ മഞ്ഞപ്പൂക്കള്‍ അക്ഷരാർഥത്തിൽ കാഴ്ചാവിരുന്നൊരുക്കുകയാണ്. തൊടുപുഴയിലെ വ്യാപാരിയായ അഫ്‌സലിന്‍റെ വീടിന് ചുറ്റുമാണ് ഈ നിറച്ചാർത്ത്.
അലങ്കാര ചെടികളോടും മത്സ്യങ്ങളോടുമൊക്കെ കൗതുകമുള്ള വ്യാപാരിയായ അഫ്‌സലും കുടുംബവും രണ്ട് വർഷം മുമ്പ് ആലുവയിലെ ഒരു നഴ്‌സറിയിൽ നിന്നാണ് ക്യാറ്റ്സ് ക്ലോ ചെടിയുടെ തൈ വാങ്ങിയത്. വീട്ടിൽ വളർത്തുന്ന മറ്റ് ചെടികളോടൊപ്പം മതിലിനോട് ചേർന്ന് ക്യാറ്റ്സ് ക്ലോ തൈ നട്ടു. വളവും വെള്ളവുമൊക്കെ കൃത്യമായി നൽകിയതോടെ പടർന്ന് പന്തലിച്ച തൈ മതിലിലേക്ക് തന്നെ വളർന്നു. ചെടി ക്രമേണ ഒരു സൈഡിൽ നിന്ന് പടർന്ന് മതിലും സമീപത്തെ മരവും വീടിനോട് ചേർന്നുള്ള ഔട്ട് ഹൗസിൻ്റെ ഭിത്തിയുമൊക്കെ കീഴടക്കുകയായിരുന്നു.
മുമ്പ് ഒരിക്കൽ ഈ ചെടി പൂത്തിരുന്നുവെങ്കിലും അന്ന് കാര്യമായി പൂവ് ഉണ്ടായില്ല. എന്നാൽ ഒരാഴ്ച മുമ്പ് മൊട്ടിട്ട ചെടിയാണ് ഇപ്പോൾ മതിൽ നിറയെ പടർന്ന് മഞ്ഞ വസന്തമായി മാറിയതെന്ന് ഇവർ പറയുന്നു. വർഷത്തിൽ രണ്ടുതവണയാണ് ക്യാറ്റ്സ് ക്ലോ ചെടി പൂക്കുക. നിറയെ പൂക്കളുണ്ടാകും എന്നതാണ് ഇതിൻ്റെ പ്രത്യേകത. ഒരാഴ്‌ച മുതൽ പത്ത് ദിവസം വരെ പൂ വാടാതെ നിൽക്കും. ശിഖരത്തിന്‍റെ അഗ്രഭാഗം പൂച്ചയുടെ നഖം പോലെ തോന്നിക്കുമെന്നതിനാലാണ് ചെടിക്ക് ക്യാറ്റ്സ് ക്ലോ എന്ന പേര് ലഭിച്ചത്.
ക്യാറ്റ്സ് ക്ലോ കൂടാതെ വിവിധയിനം പൂച്ചെടികളും ചെറു മരങ്ങളും ഈ വീട്ടിലുണ്ട്. വീടിനകത്തും പുറത്തുമായി വളർത്തുന്ന വിദേശികളും സ്വദേശികളുമായ ചെടികൾക്ക് പുറമേ അലങ്കാര മത്സ്യങ്ങളെയും ഇവർ വളർത്തുന്നുണ്ട്. ഇതിനായി വീടിൻ്റെ പോർച്ചിലും സ്വീകരണ മുറിയിലുമൊക്കെയായി ചെറുകുളങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.