കെട്ടിട നമ്പര്‍ അനുവദിക്കാത്തതിന് പ്രതിഷേധിച്ച പ്രവാസി സംരംഭകനെതിരെ കേസെടുത്ത് പൊലീസ് - റോഡില്‍ കിടന്ന് പ്രതിഷേധിച്ച് പ്രവാസി സംരഭകന്‍
Published : Nov 18, 2023, 1:57 PM IST
കോട്ടയം:മാഞ്ഞൂരില്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകനെതിരെ പൊലീസ് കേസെടുത്തു. കടുത്തുരുത്തി പൊലീസാണ് ഷാജി മോനെതിരെ കേസെടുത്തത്. ഗതാഗത തടസവും പൊതുജനശല്യവും ഉണ്ടാക്കിയെന്നും പഞ്ചായത്ത് കോമ്പൗണ്ടില്‍ അതിക്രമിച്ചു കയറി സമരം ചെയ്‌തെന്നും കാട്ടിയാണ് എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തത്. നവംബർ എഴാം തീയതിയായിരുന്നു പഞ്ചായത്ത് അധികൃതർ കെട്ടിട നമ്പർ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മാഞ്ഞൂരില്‍ പഞ്ചായത്ത് പടിക്കല്‍ പ്രവാസി വ്യവസായി ഷാജി മോന്‍ ജോര്‍ജ് ആദ്യം ധര്‍ണ നടത്തിയത്. തുടര്‍ന്ന് പഞ്ചായത്ത് ഓഫിസ് വളപ്പില്‍ ധര്‍ണ നടത്തിയ ഷാജിമോനെ പൊലീസ് പുറത്തേക്ക് മാറ്റി. പിന്നാലെ ഷാജി മോന്‍ - റോഡില്‍ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. ഒടുവിൽ സംഭവത്തിൽ എംഎൽഎ അടക്കം ഇടപെട്ടതോടെ കെട്ടിട നമ്പര്‍ അനുവദിക്കാൻ തയ്യാറാണെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. എന്നാൽ തൊട്ടടുത്ത ദിവസം പ്രശ്‌നം പരിഹരിക്കാനായി കലക്‌ടറേറ്റിൽ ചേർന്ന യോഗത്തിലുണ്ടായ തർക്കത്തെ തുടർന്ന് ഷാജിമോൻ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ ഷാജിമോനെതിരെ കടുത്തുരുത്തി പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഷാജിമോന്‍ യുകെയിലേക്ക് മടങ്ങിയതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. അതേസമയം സ്വാഭാവിക നടപടിക്രമം മാത്രമാണിതെന്ന് പൊലീസ് അറിയിച്ചു.
TAGGED:
Kottayam Shajimon Protest