കേരളം

kerala

ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി മാധ്യമങ്ങളോട്

ETV Bharat / videos

'പ്രധാനമന്ത്രി സംവദിച്ചത് തുറന്ന മനസോടെ, കേരളത്തിന്‍റെ ആവശ്യം അറിയിക്കാനായതില്‍ സന്തോഷം': ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി - modi kerala visit

By

Published : Apr 25, 2023, 4:11 PM IST

Updated : Apr 25, 2023, 6:00 PM IST

എറണാകുളം:ഉത്തരേന്ത്യയിലെ വിവിധയിടങ്ങളില്‍ ക്രൈസ്‌തവ സഭകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി സിറോ മലബാര്‍ സഭ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി. കൊച്ചിയിൽ പ്രധാനമന്ത്രിയുമായി ക്രിസ്‌ത്യന്‍ സഭ അധ്യക്ഷൻമാർ നടത്തിയ കൂടിക്കാഴ്‌ചയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ എല്ലാ മതസ്ഥർക്കും ഒരുപോലെ സംരക്ഷണം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകിയെന്നും ആലഞ്ചേരി വ്യക്തമാക്കി. 

ക്രൈസ്‌തവ സഭ മേലധ്യക്ഷന്‍മാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്‌ച വിജയകരമാണെന്നും കർദിനാൾ ജോർജ് ആലഞ്ചേരി പറഞ്ഞു. സഭ മേലധ്യക്ഷന്‍മാരായ ഏഴ് പുരോഹിതന്മാരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്. ക്രൈസ്‌ത സഭകളുടെയും കേരളത്തിന്‍റെയും പൊതുവായ ആവശ്യങ്ങളെ കുറിച്ചും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കർഷകര്‍, തീരദേശവാസികള്‍, മത്സ്യ തൊഴിലാളികള്‍ എന്നിവരുടെ ആവശ്യങ്ങളും ചര്‍ച്ച ചെയ്‌തതായി കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി.

സമൂഹത്തില്‍ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം ലഭ്യമാക്കുന്നതിനെ കുറിച്ചും ദലിത്, ക്രൈസ്‌തവര്‍ എന്നിവരുടെ സംവരണം സംബന്ധിച്ചും പ്രത്യേകമായി ചർച്ചകൾ നടത്തി. കേരളത്തിന് വേണ്ടി പുതിയ പദ്ധതികൾ തയ്യാറാക്കുന്നതിനെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. തുറന്ന മനസോടെയാണ് പ്രധാനമന്ത്രി തങ്ങളോട് സംസാരിച്ചത്. അദ്ദേഹം രാജ്യത്തെ ഒന്നായി കാണുമെന്നും കേരളവും അദ്ദേഹത്തിന്‍റെ വികസന പരിപാടികളിൽ സഹകരിക്കാൻ തയ്യാറാകണമെന്നും പറഞ്ഞു.

എല്ലാ പ്രശ്‌നങ്ങളും തുറന്ന മനോഭാവത്തോടെയാണ് അദ്ദേഹം ശ്രവിച്ചത്. മാർപാപ്പയുമായുള്ള കൂടിക്കാഴ്‌ചയെ കുറിച്ചും മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതിനെ പറ്റിയും സൂചിപ്പിച്ചു. കേരളത്തിന്‍റെ ആവശ്യങ്ങൾ അറിയിക്കാൻ സാധിച്ചതിൽ സഭ അധ്യക്ഷൻമാരായ തങ്ങൾക്ക് സന്തോഷമുണ്ടെന്നും കർദിനാൾ പറഞ്ഞു. 

അതേസമയം നേരത്തേ ആലഞ്ചേരി മോദി അനുകൂല പ്രസ്‌താവന നടത്തിയത് വലിയ വിവാദമായിരുന്നു. വിശ്വാസികളും രാഷ്ട്രീയ പാർട്ടികളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

Last Updated : Apr 25, 2023, 6:00 PM IST

ABOUT THE AUTHOR

...view details