Cardamom Theft Case In Idukki: പട്ടാപ്പകൽ കടയിൽ നിന്നും ഏലയ്‌ക്ക മോഷ്‌ടിച്ചു; തൊട്ടടുത്ത കടയിൽ വിൽപ്പന നടത്തിയത് 27,000 രൂപയ്‌ക്ക്, പ്രതി പിടിയിൽ
Published : Oct 15, 2023, 3:17 PM IST
ഇടുക്കി: വ്യാപാര സ്ഥാപനത്തിൽ നിന്നും പട്ടാപ്പകൽ മോഷണം. നെടുങ്കണ്ടത്തെ മലഞ്ചരക്ക് കടയിൽ നിന്ന് ഏലയ്‌ക്ക മോഷ്‌ടിച്ച് മറ്റൊരു കടയിൽ വിറ്റ സ്‌ത്രീയെ പൊലീസ് അറസ്റ്റ് ചെയ്‌തു (Cardamom Theft Case In Idukki). ഇടുക്കി ഉടുമ്പൻചോല മണതോട് സ്വദേശി റാണിയാണ് അറസ്റ്റിലായത്. നെടുങ്കണ്ടത്തെ പടിഞ്ഞാറെ കവലയിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനമായ റോയൽ സ്‌പൈസസിൽ നിന്നുമാണ് റാണി ഏലയ്‌ക്ക മോഷ്‌ടിച്ചത്. പതിനെട്ടര കിലോഗ്രാം ഏലയ്‌ക്കയാണ് മോഷ്‌ടിച്ചത്. ഒക്‌ടോബർ 13-ാം തീയതിയാണ് സംഭവം. ഉച്ചയോടെ സ്ഥാപന ഉടമ, കടയുടെ ഷട്ടർ പകുതി താഴ്ത്തിയ ശേഷം പള്ളിയിൽ പോയിരുന്നു. ഈ സമയമാണ് റാണി മോഷണം നടത്തിയത്. കടയിൽ ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന പതിനെട്ടര കിലോ ഏലക്ക എടുത്ത് ഇവർ തൊട്ടടുത്തുള്ള മറ്റൊരു കടയിൽ 27,000 രൂപയ്‌ക്ക് വിൽക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നെടുങ്കണ്ടം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.