ഒഴുക്കിൽപ്പെട്ട കാറിലുണ്ടായിരുന്നത് രണ്ട് കുട്ടികൾ, നാട്ടുകാരുടെ രക്ഷ പ്രവർത്തനം - കാർ തോട്ടിൽ വീണു
കോട്ടയം : പുതുപ്പള്ളിയിൽ കാർ ഒഴുക്കിൽപ്പെട്ടു. പുതുപ്പള്ളി കൊട്ടാരത്തിൽ കടവിൽ ചൊവ്വാഴ്‌ച (ജൂലൈ 4) രാത്രിയിലാണ് കാർ ഒഴുക്കിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാർ രക്ഷിച്ചു.
റോഡിന്‍റെ സമീപത്തെ തോട്ടിലേക്ക് കാർ മറിയുകയായിരുന്നു. റോഡിൽ വെള്ളം കയറിയെന്നും ഒഴുക്ക് അധികമാണെന്നും നാട്ടുകാർ പറഞ്ഞിട്ടും കാറിലുള്ളവർ കൂട്ടാക്കിയില്ല. ഒഴുക്കിലേയ്ക്കിറങ്ങിയ കാർ പെട്ടെന്ന് നിന്നു പോകുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ഞാലിയാകുഴി സ്വദേശിയും രണ്ട് കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്. അഗ്നിശമന സേന കാർ ഉയർത്താൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. കാർ വടം ഉപയോഗിച്ച് കെട്ടിയിട്ടിരിക്കുകയാണ്. പുതുപ്പള്ളി ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ വെള്ളക്കെട്ടാണ്.
ഹെൽത്ത് സെന്‍ററിൽ വെള്ളം കയറി : കോട്ടയം അയ്‌മനം ഫാമിലി ഹെൽത്ത് സെന്‍ററിൽ വെള്ളം കയറി. അയ്‌മനം വല്യാട് പ്രവർത്തിക്കുന്ന ഫാമിലി ഹെൽത്ത് സെന്‍ററിലാണ് ഇന്നലെ ഉച്ചലോടെ വെള്ളം കയറിയത്. സമീപത്തെ തോട് കരകവിഞ്ഞതാണ് വെള്ളം കയറാൻ കാരണമായത്.
ഹെൽത്ത് സെന്‍ററിൽ വെള്ളം കയറിയതോടെ ജീവനക്കാർ മരുന്നും മറ്റ് അവശ്യ വസ്‌തുക്കളും കെട്ടിടത്തിൽ നിന്നും മാറ്റി. കല്ലുങ്കത്ര പള്ളിയുടെ കെട്ടിടത്തിൽ നാളെ മുതൽ ആശുപത്രി പ്രവർത്തിക്കും. രണ്ട് ഡോക്‌ടർമാരും പത്ത് ജീവനക്കാരും ആശുപത്രിയിലുണ്ട്.