ഇടുക്കി പൂപ്പാറയിൽ റോഡിലിറങ്ങിയ കാട്ടാനയെ കാർ ഇടിച്ചു; 4 പേര്‍ക്ക് പരിക്ക് - ചൂണ്ടൽ
ഇടുക്കി: പൂപ്പാറയിൽ റോഡിലിറങ്ങിയ കാട്ടാനയെ കാർ ഇടിച്ചു. ജനവാസ മേഖലയിലെത്തിയ കാട്ടാനയെ പ്രദേശവാസികള്‍ ഓടിച്ച് വിടുന്നതിനിടെയാണ് അപകടം. സംഭവത്തില്‍ കാറിലുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു.
ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് ആനയെ കാര്‍ ഇടിച്ചത്. പൂപ്പാറ ചൂണ്ടലിലെ ജനവാസ മേഖലയിൽ എത്തിയ ആനയെ നാട്ടുകാർ ചേർന്ന് ഓടിക്കുകയായിരുന്നു. ആന ദേശീയ പാതയിലേക്ക് ഇറങ്ങുന്നതിനിടെ ഇതു വഴിയെത്തിയ വാഹനം ഇടിക്കുകയിരുന്നു.
ഇടിയേറ്റ ഉടനെ ആന വാഹനത്തെ ആക്രമിച്ചു. വാഹനത്തിലുണ്ടായിരുന്ന തങ്കരാജിനും കുടുംബത്തിനുമാണ് പരിക്കേറ്റത്. ഇവരെ തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഏതാനും ദിവസങ്ങളായി ചൂണ്ടൽ, തോണ്ടിമല മേഖലകളിൽ കാട്ടാന തമ്പടിച്ചിരിക്കുകയാണ്. കഴിഞ്ഞ രാത്രിയിൽ പൂപ്പാറ ടൗണിലും ആന എത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഇടുക്കി ഖജനാപ്പാറയിൽ പൂച്ചപ്പുലിയെ (Leopard cat) വാഹനം ഇടിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഖജനാപ്പാറയിൽ നിന്നും ബൈസൺവാലിയിലേക്കുള്ള റോഡരികിലാണ് വാഹനം ഇടിച്ച പൂച്ചപ്പുലിയെ പരിക്കുകളോടെ കണ്ടെത്തിയത്. ഖജനാപ്പാറയിലെ ഓട്ടോ ഡ്രൈവർമാരാണ് പൂച്ചപ്പുലിയെ കണ്ടത്.
പുലിയുടെ കുഞ്ഞാണോ എന്ന ആശങ്കയിലായിരുന്നു പ്രദേശവാസികള്‍. വാഹനം ഇടിച്ചതിനെ തുടർന്ന് നടുവിന് ഗുരുതരമായി പരിക്കേറ്റ് സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു പുലി. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് ബോഡിമെട്ട് സെക്ഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി ചികിത്സ നൽകുന്നതിനായി പൂച്ചപ്പുലിയെ വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി.