Car Attack| റോഡിന് കുറുകെ നിര്‍ത്തിയ കാര്‍ മാറ്റാന്‍ ഹോണടിച്ചു; യുവതി ഓടിച്ച കാര്‍ അടിച്ച് തകര്‍ത്ത യുവാക്കള്‍ അറസ്റ്റില്‍ - കാര്‍ മാറ്റാന്‍ ഹോണ്‍ മുഴക്കി
കൊല്ലം:റോഡിന് കുറുകെ നിര്‍ത്തിയിട്ട കാര്‍ മാറ്റാന്‍ ഹോണ്‍ മുഴക്കിയതിനെ തുടര്‍ന്ന് യുവതി ഓടിച്ച കാര്‍ അടിച്ച് തകര്‍ത്ത യുവാക്കള്‍ അറസ്റ്റില്‍. മങ്ങാട് സ്വദേശികളായ അഖിൽ രൂപ്, ജെമിനി ജസ്റ്റിൻ എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശി അഞ്ജലി രഘുനാഥ് ഓടിച്ച കാറാണ് യുവാക്കള്‍ അടിച്ച് തകര്‍ത്തത്. ഇന്നലെ (ഓഗസ്റ്റ് 14) പുലര്‍ച്ചെ അഞ്ചാലുംമൂട്ടില്‍ വച്ചാണ് സംഭവം. കൊല്ലത്തെ സുഹൃത്തിന്‍റെ വീട്ടില്‍ പിറന്നാള്‍ ആഘോഷങ്ങള്‍ക്കെത്തി ഭര്‍ത്താവ് അമൽ ഷേഹു, ഭർതൃസഹോദരൻ സമൽ ഷേഹു എന്നിവര്‍ക്കൊപ്പം മടങ്ങുമ്പോഴാണ് യുവാക്കള്‍ കാറിന്‍റെ ചില്ല് അടിച്ച് തകര്‍ത്തത്. റോഡിന് കുറുകെയിട്ട കാര്‍ മാറ്റാന്‍ ഹോണ്‍ അടിച്ചതോടെ പ്രകോപിതരായ അഖിൽ രൂപും ജെമിനി ജസ്റ്റിനും റോഡിലിറങ്ങി അഞ്ജലിയേയും കുടുംബത്തെയും അസഭ്യം വിളിച്ചു. പ്രശ്‌നം പരിഹരിച്ച് മുന്നോട്ട് പോയ കാറിനെ വീണ്ടും യുവാക്കള്‍ പിന്‍തുടരുകയും തടഞ്ഞ് നിര്‍ത്തി ചില്ല് അടിച്ച് തകര്‍ക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ അഞ്ജലി രഘുനാഥ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്‌തു. സ്ത്രീകളെ ആക്രമിക്കൽ, സംഘം ചേർന്ന് ആക്രമണം തുടങ്ങി ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.