Canoe Capsized | കൊല്ലം അഴീക്കലില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു ; കനത്ത കാറ്റിലും മഴയിലും തൊഴിലാളികള്‍ക്ക് അത്ഭുതരക്ഷ - മത്സ്യ ബന്ധന വള്ളം
കൊല്ലം :അഴീക്കലില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം ശക്തമായ കാറ്റിലും മഴയിലും തകര്‍ന്നു. വള്ളത്തിലുണ്ടായിരുന്ന മൂന്ന് മത്സ്യ തൊഴിലാളികളും അത്ഭുതകരമായി രക്ഷപ്പെട്ടു. വലിയ മത്സ്യ ബന്ധന വള്ളങ്ങളില്‍ നിന്ന് മീന്‍ കയറ്റി ഹാർബറിൽ എത്തിക്കുന്ന ഓംകാരമെന്ന കാരിയർ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം അഴീക്കലില്‍ കഴുകം തുരുത്ത് ഭാഗത്താണ് അപകടമുണ്ടായത്.
അപകടത്തെ തുടര്‍ന്ന് മറൈൻ പൊലീസ് ബോട്ടെത്തിയാണ് തൊഴിലാളികളെ കരയിലെത്തിച്ചത്. കാറ്റിനെ തുടര്‍ന്ന് മറിഞ്ഞ വള്ളം തകരുകയായിരുന്നു. വള്ളം തകര്‍ന്നതോടെ തൊഴിലാളികള്‍ അവശിഷ്‌ടങ്ങളില്‍ പിടിച്ചുകിടന്നു.
തുടര്‍ന്ന് സ്ഥലത്തെത്തിയ മറൈന്‍ പൊലീസ് ബോട്ടില്‍ തൊഴിലാളികളെ കരയ്‌ക്കെത്തിച്ചു. വള്ളം പൂർണമായും തകർന്നിട്ടുണ്ട്. എൻജിനും മറ്റും മറൈൻ പൊലീസ് കരയ്‌ക്കെത്തിച്ചു.
ട്രോളിങ് നിരോധനമായതിനാൽ പരമ്പരാഗത വള്ളങ്ങളാണ് മത്സ്യ ബന്ധനത്തിനായി കടലിൽ പോകുന്നത്.
അപകടം ഇത് രണ്ടാം തവണ :സംസ്ഥാനത്ത് മഴ കനത്ത സാഹചര്യത്തില്‍ സമാനമായ രണ്ടാമത്തെ അപകടമാണിത്. ഏതാനും ദിവസം മുമ്പ് കൊയിലാണ്ടി ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞിരുന്നു. കടല്‍ക്ഷോഭത്തില്‍ തോണി മറിയുകയായിരുന്നു. ഇതിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികളും രക്ഷപ്പെട്ടു. തോണി പൂര്‍ണമായും തകര്‍ന്നു.